ന്യൂഡൽഹി ∙ നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫോമുകൾ കേന്ദ്ര ആദായനികുതിവകുപ്പ് വിജ്ഞാപനം ചെയ്തു. 50 ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള ശമ്പളക്കാർക്കും ചെറിയ ബിസിനസുകൾക്കും ബാധകമായ ഐടിആർ 1 (സഹജ്), 4 (സുഗം) എന്നീ ഫോമുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. 1.25 ലക്ഷം രൂപ വരെ ഓഹരികളിൽ നിന്ന് ദീർഘകാല മൂലധന ലാഭം (ലോങ് ടേം ക്യാപിറ്റൽ ഗെയിൻസ്) ഉള്ളവർക്ക് ഈ ഫോമുകൾ ഉപയോഗിക്കാം. മുൻപ് ഐടിആർ–2 ഫോം ആണ് വേണ്ടിയിരുന്നത്.
ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ഫോമുകൾ ലഭ്യമാകുന്നതോടെ 2024–25 വർഷത്തെ വരുമാനത്തിനുള്ള റിട്ടേണുകൾ ഫയൽ ചെയ്യാം. ജൂലൈ 31 ആണ് അവസാന തീയതി. സാധാരണഗതിയിൽ സാമ്പത്തികവർഷത്തിനു മുൻപാണ് ഫോമുകൾ വിജ്ഞാപനം ചെയ്യാറുള്ളത്. ഇത്തവണ ഉദ്യോഗസ്ഥർ പുതിയ ആദായനികുതി ബില്ലിന്റെ തിരക്കുകളിലായതിനാൽ വൈകുകയായിരുന്നു.