ശമ്പളക്കാരും പ്രൊഫഷണലുകളും ബിസിനസുകാരുമെല്ലാം നികുതി ആസൂത്രണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. 2024–-25 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം സെപ്തംബർ 15 വരെ നീട്ടിയിട്ടുണ്ട്. 2023-ലെ ബജറ്റിൽ വന്ന മാറ്റങ്ങൾ ഈ വർഷത്തെ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയലിങ്ങിൽ നിർണായകമാണ്. അതിൽ ഏറ്റവും പ്രധാനം 2020ൽ കൊണ്ടുവന്ന പുതിയ നികുതിവ്യവസ്ഥ (ന്യൂ ടാക്സ് റെജീം) അടിസ്ഥാന (ഡിഫോൾട്ട്) ഓപ്ഷനായി മാറിയിരിക്കുന്നു എന്നതാണ്. ഈ സാഹചര്യത്തിൽ, ഈ വർഷം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏതു നികുതിവ്യവസ്ഥ തെരഞ്ഞെടുക്കണം, പഴയതോ പുതിയതോ കൂടുതൽ ലാഭകരം തുടങ്ങിയ സംശയങ്ങളുണ്ടാകുക സ്വാഭാവികമാണ്. ഇത് പരിഹരിക്കുന്നതിന് രണ്ടിന്റെയും ഗുണദോഷങ്ങൾ മനസ്സിലാക്കി രണ്ടിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് നോക്കാം.
പുതിയ നികുതിവ്യവസ്ഥ
പഴയ നികുതിവ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയത് കുറച്ചുകൂടി ലളിതമാണെന്ന് പറയാം. കുറഞ്ഞ നികുതി സ്ലാബുകളാണ് ഇതിലുള്ളത്. നിങ്ങൾ കാര്യമായ നിക്ഷേപങ്ങളില്ലാത്ത, കിഴിവുകൾ (ഡിഡക്ഷൻ) ക്ലെയിം ചെയ്യാനില്ലാത്ത വ്യക്തിയാണെങ്കിൽ പുതിയത് നേട്ടമായേക്കാം. പുതിയ നികുതിവ്യവസ്ഥ അടിസ്ഥാന (ഡിഫോൾട്ട്) ഓപ്ഷനായി മാറിയിരിക്കുന്നതിനാൽ പഴയ വ്യവസ്ഥ ആവശ്യമുള്ളവർ അത് പ്രത്യേകം തെരഞ്ഞെടുത്തില്ലെങ്കിൽ വരുമാനം ഓട്ടോമാറ്റിക്കായി പുതിയ വ്യവസ്ഥപ്രകാരം കണക്കാക്കും.
സ്റ്റാൻഡേർഡ് ഡിഡക്ഷനും റിബേറ്റും
പുതിയ വ്യവസ്ഥയിൽ സെക്ഷൻ 87 എ പ്രകാരം 25,000 രൂപവരെ നികുതി റിബേറ്റ് ലഭിക്കുന്നതിനാൽ നികുതിവിധേയ വരുമാനം ഏഴുലക്ഷംവരെയാണെങ്കിൽ ഒരുരൂപപോലും നികുതി അടയ്ക്കേണ്ടതില്ല. ശമ്പളക്കാർക്കും പെൻഷൻകാർക്കും 75,000 രൂപവരെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭ്യമായതിനാൽ 7.75 ലക്ഷം രൂപയ്ക്കുവരെ നികുതി നൽകേണ്ടതില്ല.
മുതിർന്ന പൗരന്മാർ സൂക്ഷിക്കണം
പുതിയ റെജീമിൽ പഴയതിൽ ലഭിക്കുന്ന കിഴിവുകൾ പലതും അവകാശപ്പെടാനാകില്ല എന്നൊരു പ്രശ്നമുണ്ട്. പ്രത്യേകിച്ച് നിക്ഷേപ പലിശവരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന മുതിർന്ന പൗരന്മാർക്ക് അത് തിരിച്ചടിയായേക്കും. ആദായനികുതിനിയമം സെക്ഷൻ 80 ടിടിബി പ്രകാരം മുതിർന്ന പൗരന്മാർക്ക് നിക്ഷേപ പലിശവരുമാനത്തിന്മേലുള്ള കിഴിവുകൾ ഇതിൽ ലഭ്യമാകില്ല. സാധാരണ വ്യക്തികൾക്ക് സെക്ഷൻ 80 ടിടിഎ പ്രകാരം ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സഹകരണ സംഘത്തിലോ ഉള്ള സേവിങ്സ് അക്കൗണ്ടുകളിൽനിന്ന് ലഭിക്കുന്ന പലിശവരുമാനത്തിനുള്ള കിഴിവും ലൈഫ്, ആരോഗ്യ ഇൻഷുറൻസുകളുടെ ഇളവുകളും ലഭിക്കില്ല. എന്നാൽ, പ്രോവിഡന്റ് ഫണ്ടിൽനിന്ന് ലഭിക്കുന്ന തുകയ്ക്ക് നികുതിയുണ്ടാകില്ല. 80 സിസിഡി(2) പ്രകാരം പെൻഷൻ സ്കീമിലേക്ക് തൊഴിൽ ഉടമ അടയ്ക്കുന്ന വിഹിതത്തിന് ഇളവ് ലഭിക്കും.
പഴയതിലുണ്ട് എഴുപതിലേറെ കിഴിവുകൾ
ഭവനവായ്പ, ഇൻഷുറൻസ്, കുട്ടികളുടെ ട്യൂഷൻ ഫീസ്, മറ്റു നിക്ഷേപങ്ങൾ എന്നിവയുള്ളവർ അവയ്ക്കുള്ള ഇളവുകൾ നേടുന്നതിന് പഴയ വ്യവസ്ഥ തെരഞ്ഞെടുക്കണം. സെക്ഷൻ 80 സി (1.5 ലക്ഷം), 80 ഡി (മെഡിക്കൽ ഇൻഷുറൻസ്), എച്ച്ആർഎ (വീട്ടുവാടക അലവൻസ്), ഭവനവായ്പയുടെ പലിശ (സെക്ഷൻ 24(ബി)) തുടങ്ങിയ 70-ൽ അധികം കിഴിവുകൾ ഇതിൽ പ്രയോജനപ്പെടുത്താം. എന്നാൽ, വരുമാനം അഞ്ചുലക്ഷം വരെയാണെങ്കിൽമാത്രമേ സെക്ഷൻ 87എ പ്രകാരമുള്ള റിബേറ്റ് (12,500) ലഭ്യമാകൂ. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയാണ്.
ആർക്ക്, ഏതാണ് നല്ലത്
- പുതിയ വ്യവസ്ഥ: കാര്യമായ ഇളവുകൾ (ഡിഡക്ഷൻ) ഇല്ലാത്തവർ, നികുതി കാര്യങ്ങളിൽ ലാളിത്യം ആഗ്രഹിക്കുന്നവർ, 7.75 ലക്ഷംവരെ ശമ്പളം വാങ്ങുന്നവർ എന്നിവർക്ക് അനുയോജ്യമാണ്.
• പഴയ വ്യവസ്ഥ: ഭവനവായ്പ, ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്കും 80 സി പ്രകാരം നിക്ഷേപം നടത്തുന്നവർക്കും ഉയർന്ന എച്ച്ആർഎ ക്ലെയിം ചെയ്യുന്നവർക്കും കൂടുതൽ സാമ്പത്തികലാഭം നൽകും.
ബിസിനസുകാർക്ക് ഒരുതവണ മാറാം
ഒരുരൂപയെങ്കിലും ബിസിനസ് വരുമാനമുള്ളവർ പുതിയ വ്യവസ്ഥ സ്വീകരിച്ചാൽ പിന്നീട് ഒരുതവണകൂടിയേ പഴയതിലേക്ക് മാറാൻ അവസരമുള്ളൂ. എന്നാൽ, ബിസിനസ് വരുമാനം ഇല്ലാത്തവർക്ക് പുതിയ വ്യവസ്ഥ തെരഞ്ഞെടുത്താലും പിന്നീട് പഴയതിലേക്കും തിരിച്ചും എത്രതവണ വേണമെങ്കിലും മാറാൻ അവസരമുണ്ട്.