ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾ; ദേവസ്വങ്ങള്‍ക്ക് ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

news image
Dec 19, 2024, 8:00 am GMT+0000 payyolionline.in

ദില്ലി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ  മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത്  സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

 

 

കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്ക് അടക്കം നോട്ടീസ് സുപ്രീം കോടതി നോട്ടീസ് നൽകി. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജി യിലാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നൽകിയത്. ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങുകൾക്ക് ഉത്തരവ് ബാധകമാകില്ല.

ചട്ടങ്ങൾക്ക് വിരുദ്ധമായി പുറത്തിറക്കിയ മാര്‍ദനിര്‍ദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. 250 വർഷത്തോളമായി ഉത്സവമാണ് ത്യശൂർ പൂരമെന്നും എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ദേവസ്വങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഹൈക്കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് കപിൽ സിബൽ പറഞ്ഞു. യൂനെസ്കോയുടെ പട്ടികയിലുള്ള ഉത്സവമാണ്. ആനകളുടെ എഴുന്നള്ളിപ്പ് നിയമങ്ങൾ പാലിക്കാതെയാണെന്നും ആനകളെ കൊണ്ട് പോകുന്നത് വലിയ അപകടസാധ്യതയിലാണെന്നും മൃഗസ്നേഹികളുടെ സംഘടന വാദിച്ചു.

പലയിടങ്ങളിലും ഏഴുന്നള്ളിപ്പിനിടെ ആന വിരണ്ട് ഓടിയിട്ടുണ്ടെന്ന് മൃഗസ്നേഹികളുടെ സംഘടന വാദിച്ചു. എന്നാൽ, പൂരത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് കപിൽ സിബൽ മറുപടി നൽകി. എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നത് എന്ന് ദേവസ്വങ്ങൾ വാദിച്ചു.തെറ്റായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് മൃഗ സ്നേഹികളുടെ സംഘടനകളെ വാദിക്കാൻ അനുവദിക്കരുതെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.ആചാരവും മൃഗങ്ങളുടെ അവകാശവും ഒന്നിച്ച് കൊണ്ടുപോകുകയാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. നിയമങ്ങൾ പാലിച്ച് അല്ലേ പൂരം അടക്കം നടക്കുന്നതെന്ന് കോടതി ചോദിച്ചു.  കേസിൽ ദേവസ്വങ്ങൾക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകരായ എം ആർ അഭിലാഷ് , മഹേഷ് ശങ്കർ സുഭൻ എന്നിവർ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe