ആയഞ്ചേരി: ആയഞ്ചേരി-തിരുവള്ളൂർ റോഡിൽ ബസ് സ്റ്റാൻഡിന് സമീപം ഇന്നോവ കാറും വാഗൺ ആർ കാറും കൂട്ടിയിടിച്ച് അപകടം.
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് കാറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊയിലാണ്ടി സ്വദേശിയുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് തറോപ്പൊയിൽ സ്വദേശിയുടെ വാഗൺ ആറിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെത്തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തുടർന്ന് നാട്ടുകാരും പോലീസും ഇടപെട്ട് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
റോഡിന്റെ വീതിക്കുറവാണ് പ്രദേശത്ത് അപകടങ്ങൾ പതിവാകാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഈ ഭാഗത്ത് റോഡ് വികസനം വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
