ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫാർസ് ന്യൂസ് ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിലൂടെ ഖമനയി കൊല്ലപ്പെട്ട വിവരം ലോകത്തെ അറിയിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നും സ്ഥിരീകരണം ഉണ്ടായത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ അതിസങ്കീർണ്ണമായ സൈനിക നീക്കത്തിലൂടെയാണ് ഖമനയിയെ വധിച്ചത്. ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന രഹസ്യ കേന്ദ്രം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി വ്യോമാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഖമനയിയുടെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരടക്കമുള്ള ബന്ധുക്കളും വസതിയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫുമായിരുന്ന ഖമനയിയുടെ അന്ത്യം മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചേക്കും. “ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താൻ കൊല്ലപ്പെട്ടു” എന്നാണ് ഖമനയിയുടെ മരണത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ ജനതയ്ക്കും അമേരിക്കക്കാർക്കും ഒരുപോലെ നീതി ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങൾ സംഭവത്തിൽ വൻ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാൻ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനം.
