കണ്ണൂർ: നവജാത ശിശു മരണനിരക്കിൽ ഉൾപ്പെടെ അമേരിക്കയെപ്പോലും മറികടക്കുന്ന നേട്ടമാണ് കേരളം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ചക്കരക്കല്ലിൽ 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ (CHC) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അമേരിക്കയിലെ നവജാത ശിശു മരണനിരക്ക് 5.6 ശതമാനമായിരിക്കെ കേരളത്തിൽ അത് വെറും 5 ശതമാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വമ്പൻ സാമ്പത്തിക ശക്തിയുള്ള രാഷ്ട്രങ്ങൾ പോലും കോവിഡ് മഹാമാരിക്ക് മുന്നിൽ പകച്ചുനിന്നപ്പോൾ, സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ കേരളം അതിനെ അതിജീവിച്ചു. ലോക ആരോഗ്യരംഗത്ത് ഇന്ത്യ പൊതുവിൽ പിന്നിലാണെങ്കിലും കേരളം കൈവരിക്കുന്ന ഇത്തരം നേട്ടങ്ങൾ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർദ്രം മിഷനിലൂടെ കൈവരിച്ച മാറ്റം
2016-ൽ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ ആരോഗ്യമേഖലയിൽ നിലനിന്നിരുന്ന പ്രതിസന്ധികൾ ആർദ്രം മിഷനിലൂടെ പരിഹരിക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതോടെ പാവപ്പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പായി. ഈ മാറ്റത്തിന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. ഷൈജ, കെ. ഗിരീശൻ, ടി. സുനീഷ് തുടങ്ങിയവർ പങ്കെടുത്തു.
