ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം; സർക്കാർ വാദം പൊളിയുന്നു, റീന അവധിയെടുത്തത് രണ്ടര ദിവസം മാത്രം

news image
Jun 13, 2026, 3:49 am GMT+0000 payyolionline.in

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീന കെ ജെയെ മാറ്റിയതിൽ സർക്കാർ വാദം പൊളിയുന്നു. സ്ഥാനമാറ്റത്തിനായി സർക്കാർ ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി റീന എടുത്തിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ റിപ്പോർട്ടറിന് ലഭിച്ചു. രണ്ടര ദിവസത്തെ അവധിയാണ് റീന എടുത്തത്. രണ്ടര ദിവസത്തെ അവധി എടുക്കുന്നുവെന്ന് ആവശ്യപ്പെട്ടുള്ള റീനയുടെ അവധി അപേക്ഷയും ലഭിച്ചു.

അതേസമയം തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് നടപടിയെന്ന് റീന റിപ്പോർട്ടറിനോട് പറഞ്ഞു. ‘ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് അയച്ചിട്ടാണ് രണ്ടര ദിവസം അവധിയെടുത്തത്. അതെങ്ങനെ 15 ദിവസം എന്ന് കാണിച്ചു. എനിക്ക് അത്ഭുതമാണ് തോന്നുന്നത്. ശബരിമലയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനൽകില്ലെന്ന് പറഞ്ഞിട്ടില്ല. ഇതൊരു നടപടിയായി തോന്നുന്നു’, റീന പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയ ഉത്തരവ് പുറത്തിറങ്ങിയത്. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോക്ടർ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിൽ.
പകർച്ച വ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി എടുത്തെന്നാണ് സ്ഥാനമാറ്റ ഉത്തരവിൽ പറയുന്നത്. നിലവിൽ സംസ്ഥാനത്ത് ഷിഗെല്ല വ്യാപകമായി റിപ്പോർട്ട് ചെയ്യുകയും നിപ സ്ഥിരീകരിക്കുകയും ചെയ്ത സമയത്താണ് ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe