ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് പദവിയുമായി കാപ്പാട് ബീച്ച്

news image
Nov 11, 2025, 2:05 pm GMT+0000 payyolionline.in

കോഴിക്കോട്: തുടർച്ചയായ ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിർത്തി കോഴിക്കോട് കാപ്പാട് ബീച്ച്. പരാഗണകാരികളുടെയും പ്രാണികളുടെയും നഷ്ടം തടയൽ വിഷയ വിഭാഗത്തിലാണ് അവാർഡ്. ഡെന്മാർക്ക് ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എഡ്യൂക്കേഷൻ (എഫ്.ഇ.ഇ) ആണ് അവാർഡ് നൽകുന്നത്.

 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പരിപാലിച്ചുവരുന്ന ബീച്ചിൽ നടപ്പാക്കുന്ന കാട്ട് ഓർക്കിഡുകളുടെ പുനരധിവാസം പദ്ധതിക്ക്, 2025ലെ സതേൺ ഹെമിസ്ഫിയർ ബ്ലൂ ഫ്‌ളാഗ് മികച്ച പ്രവർത്തനങ്ങളുടെ മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, തീരമേഖലാ പരിസ്ഥിതി സംരക്ഷണം തുടങ്ങി ബ്ലൂ ഫ്‌ളാഗ് മൂല്യങ്ങളുമായി ചേർന്നുപോകുന്ന രീതിയിൽ സസ്യ വളർത്തലിലും ആവാസവ്യവസ്ഥ പുനരുദ്ധാരണത്തിലും ശാസ്ത്രീയ രീതികൾ പിന്തുടർന്നാണ് കാപ്പാട് പദ്ധതി നടപ്പാക്കിയത്.

 

പ്രാദേശിക ഓർക്കിഡ് ഇനങ്ങളെ പുനരുദ്ധരിക്കുകയും തേനീച്ചകളും ശലഭങ്ങളും പോലുള്ള പരാഗണകാരികളെ സംരക്ഷിക്കുകയുമാണ് കാപ്പാട് പദ്ധതിയിലൂടെ നടപ്പാക്കി വരുന്നത്.ജൈവവൈവിധ്യ സംരക്ഷണവും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കലും ബീച്ച് പരിപാലന രീതികളുമായി സമന്വയിപ്പിക്കുന്നതിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രതിബദ്ധതയാണ് കാപ്പാടിലൂടെ പ്രതിഫലിക്കുന്നതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

കണ്ണൂരിലെ ചാൽ ബീച്ച് ഉൾപ്പെടെ ഇന്ത്യയിൽനിന്ന് ഈ വർഷം 13 ബീച്ചുകളാണ് ബ്ലൂ ഫ്‌ളാഗ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe