ആറുവരിപ്പാത ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകും: മന്ത്രി പി എ മുഹമ്മദ് റിയാസ്

news image
Jan 20, 2025, 2:42 pm GMT+0000 payyolionline.in

 

കോഴിക്കോട്: കാസര്‍കോട് – തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പണി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്‍റെയാകെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാര്‍ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ കേരളത്തിലേക്കുള്ള സഞ്ചാരികളില്‍ മലബാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ആറു ശതമാനം മാത്രമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് മലബാറിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടായി. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുള്ള തീരുമാനം ഇതിന് ഊര്‍ജ്ജം പകര്‍ന്നു. മലയോര പാതയും തീരദേശ പാതയും ദേശീയപാതയ്ക്ക് ഒപ്പം പൂര്‍ത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരും. 50 കിലോമീറ്റർ ഇടവേളയില്‍ വിശ്രമ സംവിധാനമുള്‍പ്പെടെയാണ് തീരദേശ പാത വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളുമായല്ല, മറിച്ച് വിദേശ രാജ്യങ്ങളുമായാണെന്ന് മന്ത്രി പറഞ്ഞു. ഈ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തിന്‍റെ പങ്ക് വളരെ വലുതാണ്. 2023 ല്‍ നടത്തിയ ടൂറിസം നിക്ഷേപക സംഗമത്തിന്‍റെ ഫലം ഉടന്‍ തന്നെ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് അനുഭവിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസത്തെ ഗോവയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കോഴിക്കോട് ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. മലബാറിലെ എല്ലാ ടൂറിസം സാധ്യതകളെയും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ടൂറിസം വകുപ്പ് നല്‍കുന്ന പിന്തുണ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe