ചെന്നൈ: ശൂന്യാകാശപേടകങ്ങളിൽ താമസിച്ച് ശാസ്ത്രജ്ഞർ പഠനം നടത്തുന്നതുപോലെ ഇനി കടലിനടിയിലിരുന്ന് ഗവേഷകർ പഠനം നടത്തുന്നകാലം ഒട്ടും വിദൂരമല്ല. ഇതിനുള്ള പരീക്ഷണങ്ങൾ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. നിലവിൽ ലോകത്തെ ഏറ്റവും ആഴത്തിലുള്ള അണ്ടർ വാട്ടർ റിസർച്ച് സ്റ്റേഷൻ നിർമിക്കാനുള്ള നീക്കത്തിലാണ് രാജ്യം.
ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി ആണ് ഇതിന് നേതൃത്വം നൽകുന്നത്. അവരുടെ വിഷൻ 2047 റോഡ്മാപ്പിന്റെ ഭാഗമായാണ് ഇതിനുള്ള ഗവേഷണങ്ങൾ നടത്തുന്നത്. ഇതിനായി ഒരു സംഘം പ്രഥമികപഠനങ്ങൾ തുടങ്ങിക്കഴിഞ്ഞു. സ്റ്റേഷൻ ആരംഭിച്ചു കഴിഞ്ഞാൽ ശാസ്ത്രജ്ഞൻമാർക്ക് കടലിനടിയിലിരുന്നുകൊണ്ട് കടലിന്റെ ഉൾജീവിതവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്താൻ കഴിയും.
പ്രാഥമികമായി 500 മീറ്റർ കടലിനടിയിൽ ഒരു പേടകം സ്ഥാപിച്ച് അതിൽ മൂന്ന് ശാസ്ത്രജ്ഞരെ നിയോഗിച്ച് പഠനം നടത്തും. 360 ഡിഗ്രി തിരിയുന്ന രീതിയിലുള്ള പേടകമായിരിക്കും ഇത്. ശാസ്ത്രജ്ഞരെ ഇവിടെ എത്തിക്കാനും തിരികെ കൊണ്ടുവരാനും ഉള്ള സംവിധാനവും ഒപ്പം ഉണ്ടാകും. ഇവയ്ക്ക് അതീവ സുരക്ഷയും ഏർപ്പെടുത്തും.
ശുന്യകാശപേടകത്തിലുള്ളതിന് സമാനമായ സംവിധാനമായിരിക്കും അതിലുണ്ടാവുക. നിലവിൽ ഇത്തരത്തിലുള്ള ഒരു സ്റ്റേഷൻ ഉള്ളത് അമേരിക്കയിൽ മാത്രമാണ്. ഇത് ഫ്ലോറിഡയിലാണ്. കേവലം 19 മീറ്റർ മാത്രം കടലിനുള്ളിലാണ് ഇത് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യ ആറ് കിലോമീറ്റർ ഉള്ളിലാണ് ഒന്ന് പ്ലാൻ ചെയ്യുന്നത്.
കടലിനടിയിൽ സ്റ്റേഷൻ ഉറപ്പിച്ച് നിർത്തുക, കടലിലെ ബാലൻസ്, ആളുകളെ എത്തിക്കാനുള്ള സംവിധാനം ഇത്തരത്തിലുള്ള കാര്യങ്ങൾ മുൻനിർത്തി സ്റ്റേഷന്റെ ഡിസൈൻ ആലോചിച്ചുവരികയാണ്. കടലിലെ വലിയ മർദ്ദത്തിനുള്ളിൽ പിടിച്ചുനിൽക്കാനുള്ള ശേഷിയും കണ്ടെത്തേണ്ടതുണ്ട്.
500 മീറ്ററിലുള്ള പ്രഥമിക സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇന്ത്യയുടെ ഇക്കണോമിക് സോണിലായിരിക്കും. എന്നാൽ 6000 മീറ്ററിലെ സ്റ്റേഷൻ ഇന്ത്യൻ മഹാസമുദ്രത്തിലായിരിക്കും സ്ഥാപിക്കുക. ആദ്യം അവിടത്തെ പരിസ്ഥിതി പഠിക്കും. പിന്നീട് കടലിലെ ഓക്സിജൻ ഉപയോഗിച്ച് കൂടുതൽ സമയം അവിടെ സുഗമമായി കഴിയാനുള്ള സാധ്യതയും പഠിക്കും.
