ആറ് ലക്ഷത്തിലധികം ആളുകൾക്ക് സൗജന്യ ഓണക്കിറ്റ്; സപ്ലൈകോയുടെ പുതിയ ശബരി ഉത്പന്നങ്ങൾ വിപണിയിൽ

news image
Aug 19, 2025, 2:24 pm GMT+0000 payyolionline.in

കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകളും വിലക്കുറവുമായി സപ്ലൈകോ. ഹാപ്പി അവേഴ്സ് എന്ന പേരിലുള്ള പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ ലഭിക്കും. ഇതിന് പുറമെ ആറ് ലക്ഷത്തിലധികം ആളുകൾക്ക് സൗജന്യ ഓണക്കിറ്റും ഇത്തവണ ലഭ്യമാകും. എഎവൈ കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമായാണ് ആറ് ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റ് നൽകുകയെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. ഓണക്കാലത്തെ വിപണി ഇടപെടലിനെക്കുറിച്ചറിയാം.

സപ്ലൈകോയിൽ ഓഗസ്റ്റ് 24 വരെ പ്രത്യേക വിലക്കുറവ്

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുന്ന ഹാപ്പി അവേഴ്‌സ് നടക്കുകയാണ്. ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് നാലു മണി വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾ വിലക്കുറച്ച് ലഭ്യമാക്കുന്നത്.സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10% വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിമാക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉൽപ്പന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ് സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവുണ്ട്.

സപ്ലൈകോയുടെ പുതിയ ശബരി ഉത്പന്നങ്ങൾ വിപണിയിലേക്ക്

സപ്ലൈകോയുടെ ശബരി ബ്രാൻഡിലെ ഉത്പന്നങ്ങളുടെ പുതിയ ശ്രേണി ഈ ഓണക്കാലത്ത് ജനങ്ങളിലേക്ക് എത്തുകയാണ്. പാലക്കാടൻ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ/പാലട പായസം മിക്‌സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കുന്ന ശബരി ഉത്പന്നങ്ങൾ.പാലക്കാട്ടെ കർഷകരിൽനിന്ന് സംഭരിക്കുന്നതാണ് മട്ട അരി. തെലങ്കാനയിലെ നൽഗൊണ്ടയിൽനിന്നുള്ള പച്ചരിയിൽനിന്ന് തയ്യാറാക്കിയ പുട്ടുപൊടിയും അപ്പം പൊടിയും ഉയർന്ന ഗുണനിലവാരത്തോടെ വിപണി വിലയുടെ പകുതി വിലയ്ക്കാണ് ലഭ്യമാക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് സംഭരിച്ച പഞ്ചസാരയും തൂത്തുക്കുടിയിലെ ഉപ്പളങ്ങളിൽനിന്നുള്ള ശാസ്ത്രീയമായി അയഡൈസ് ചെയ്ത ഉപ്പും ശബരി ബ്രാൻഡിന്റെ ഭാഗമായി ലഭ്യമാക്കും. പായസം മിക്‌സ് മിതമായ വിലയിൽ ഉയർന്ന ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കും.ഓണം വിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ ഇടപെടലുകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ സപ്ലൈകോ ജനറൽ മാനേജറായി വിഎം ജയകൃഷ്ണൻ ഇന്നലെ ചുമതലയേറ്റിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ദേവികുളം സബ് കളക്ടറായിരുന്നു. 2021 ബാച്ച് ഐഎഎസ് ഓഫീസർ ആണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe