ആളൊഴിഞ്ഞ് പഹല്ഗാം, കണ്ണീര്‍മേടായി ബൈസാരണ്‍; പതിനായിരങ്ങളെത്തുന്ന സ്ഥലം ഇപ്പോള്‍ ശോകമൂകം

news image
Apr 26, 2025, 2:20 am GMT+0000 payyolionline.in

കൊല്ലപ്പെട്ടത് നാട്ടുകാരാണെങ്കില്‍പ്പോലും ഞങ്ങള്‍ സഹിച്ചേനേ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടത് കശ്മീരിനെ തകര്‍ക്കാനല്ലേ? ഇവിടേയ്ക്കിനി സഞ്ചാരികള്‍ ധൈര്യത്തോടെ കടന്നുവരാന്‍ എത്രകാലമെടുക്കും?’,

പഹല്‍ഗാമില്‍ ഭീകരര്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടതിന്റെ വേദനയും രോഷവും അടക്കാനാവാതെ അബ്ദുള്‍ ചോദിക്കുന്നു. കശ്മീരിന്റെ ഒറ്റക്കെട്ടായ വികാരമാണ് പാംപോറില്‍ കടനടത്തുന്ന അബ്ദുള്‍ പ്രകടിപ്പിച്ചത്.

ഞങ്ങളൊന്ന് നടുനിവര്‍ത്തി തുടങ്ങിയപ്പോഴാണ് കശ്മീരിന്റെ സാമ്പത്തികമേഖലയെ തകര്‍ക്കാന്‍ ശേഷിയുള്ള ഭീകരാക്രമണമുണ്ടായതെന്ന് കോളേജ് വിദ്യാര്‍ഥിയായ ഇമ്രാന്‍ പറയുന്നു. രണ്ടുമൂന്ന് വര്‍ഷങ്ങളായി കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. അതെല്ലാം ഇല്ലാതാകും. ആക്രമണം നടത്തിയ ബൈസാരണ്‍ കുന്നില്‍നിന്ന് ആറ് കിലോമീറ്ററെങ്കിലും നടന്നാണ് ഭീകരര്‍ രക്ഷപ്പെട്ടത്. എന്നിട്ടും അവരെ പിടികൂടാന്‍ എന്തുകൊണ്ടായില്ലെന്ന് ഇമ്രാന്‍ രോഷംകൊണ്ടു.

ദിവസവും പതിനായിരങ്ങളെത്തുന്ന സ്ഥലം, ഇപ്പോള്ശോകമൂകം
സീസണ്‍ സമയത്ത് ദിവസവും പതിനായിരത്തോളം സഞ്ചാരികളാണ് പഹല്‍ഗാമിലും ബൈസാരണ്‍ പുല്‍മേടുകളിലുമെത്താറുള്ളത്. പഹല്‍ഗാം വരേയേ വാഹനം പോകൂ. അവിടെനിന്ന് നാല് കിലോമീറ്റര്‍ ചെങ്കുത്തായ ദുര്‍ഘടപാത താണ്ടിവേണം ബൈസാരണ്‍ പുല്‍മേട്ടിലെത്താന്‍. നടക്കാന്‍ സാധിക്കാത്തവര്‍ക്ക് കുതിരപ്പുറത്ത് കയറാം. മുകളിലെത്തിയാല്‍ മനോഹരമായ പുല്‍മേടാണ്. ഒരുവശത്ത് മഞ്ഞണിഞ്ഞ മലനിരകള്‍. മറുവശത്ത് അതില്‍നിന്നുത്ഭവിച്ച് പൈന്‍മരക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന മനോഹരമായ അരുവി.

ഈ മനോഹാരിത നുകരാനെത്തിയവരയോണ് ചൊവ്വാഴ്ച ഭീകരര്‍ ലക്ഷ്യമിട്ടത്. ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് ഓടിയവരുടെ പാദരക്ഷകള്‍ മണ്ണില്‍ പൂണ്ടു കിടക്കുന്നത് കാണാം.

ഇപ്പോള്‍ കനത്ത സുരക്ഷാ വലയത്തിലാണ് ബൈസാരണ്‍. കരസേന, സി.ആര്‍.പി.എഫ്, പാരാ കമാന്‍ഡോസ് തുടങ്ങിയ സേനാംഗങ്ങള്‍ ബൈസാരണ്‍ വളഞ്ഞു കഴിഞ്ഞു. ഇനിയിവിടം സാധാരണ നിലയിലാവാന്‍ എത്രകാലമെടുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും വ്യാപാരികളും.

ദക്ഷിണേന്ത്യയില്‍ സ്‌കൂള്‍ പൂട്ടിയതോടെ കേരളത്തില്‍നിന്നുള്‍പ്പെടെ ധാരാളം സഞ്ചാരികളെത്തിയിരുന്നതായി പഹല്‍ഗാമില്‍ ഹോട്ടല്‍ നടത്തുന്ന റിയാസ് അഹമ്മദ് പറഞ്ഞു. ഇപ്പോള്‍ ഹോട്ടല്‍ തുറക്കാന്‍തന്നെ താത്പരിമില്ലാതായെന്ന് റിയാസ്.

പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തേക്കാള്‍ കശ്മീരിന്റെ നടുവൊടിക്കാന്‍ ശേഷിയുള്ളതാണ് പഹല്‍ഗാമിലേതെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുവെന്നതാണ് മുഖ്യകാരണം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നാലര കോടിയോളം സഞ്ചാരികളാണ് കശ്മീരിലെത്തിയത്. അതില്‍ അമര്‍നാഥ്, വൈഷ്ണോദേവി തീര്‍ത്ഥാടകരും ഉള്‍പ്പെടും.

നിരവധി സ്ഥലങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനുള്ള പദ്ധതികളും നടന്നുവരികയായിരുന്നു. അതിന്റെയെല്ലാം ഭാവിയാണ് ഇപ്പോള്‍ ചോദ്യചിഹ്നമായത്. മനോഹരമായ പുല്‍മേടുകള്‍കൊണ്ട് മിനി സ്വിറ്റ്സര്‍ലണ്ട് എന്നറിയപ്പെടുന്ന ബൈസാരണിലാണ് ഭീകരാക്രമണമുണ്ടായത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരുമെന്ന ഭരണകൂട വാഗ്ദാനം നിറവേറിയാല്‍പ്പോലും പഹല്‍ഗാമിന്റെ ആഘാതമുണ്ടാക്കിയ മുറിവുണങ്ങാന്‍ കശ്മീരിന് കാലങ്ങള്‍ വേണ്ടിവരും.

എങ്ങും ഭീകര വിരുദ്ധ പ്രകടനങ്ങള്
കശ്മീരിലുടനീളം ഭീകരവാദത്തിനെതിരേ രോഷപ്രകടനങ്ങള്‍ നടന്നു. ലാല്‍ ചൗക്കില്‍ ബുധനാഴ്ച വൈകിട്ട് നടന്ന മെഴുകുതിരി പ്രകടനത്തില്‍ പതിനായിരങ്ങള്‍ ഒന്നു ചേര്‍ന്നു.

‘ഉറക്കെ പറയൂ, നമ്മളൊന്നാണ് ‘ എന്ന മുദ്രാവാക്യവുമായി ശ്രീനഗറിലും വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖുമെല്ലാം പരസ്പരം സ്നേഹിച്ച് കഴിയണമെന്ന് എഴുതിയ ബാനറുമായാണ് പ്രകടനം നടത്തിയത്. നാഷണല്‍ കോണ്‍ഫറന്‍സ്, ബിജെപി തുടങ്ങിയ പാര്‍ട്ടികളും ഭീകരതയെ അപലപിച്ച് പ്രകടനം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe