ആൺസുഹൃത്തിനെ ഒഴിവാക്കാൻ യുവതിയുടെ ക്വട്ടേഷൻ; യുവതിയടക്കം അഞ്ചുപേർ പിടിയിൽ

news image
Nov 12, 2026, 4:15 am GMT+0000 payyolionline.in

തിരൂർ : ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി യുവാവിനെ മർദിച്ച കേസിൽ പട്ടാമ്പി സ്വദേശിയായ യുവതിയും കൂട്ടാളികളും പോലീസ് പിടിയിലായി. പട്ടാമ്പി പനങ്ങാട് സ്വദേശിനി സഫാന (19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാറ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസ്റുദീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

​കഴിഞ്ഞ ദിവസം സഫാനയെ അന്വേഷിച്ച് അർധരാത്രിയോടെ തിരൂരിൽ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. യുവാവിനെ ഒഴിവാക്കുന്നതിനായി സഫാന സുഹൃത്തുക്കളെ ഏർപ്പാടാക്കുകയായിരുന്നു. സഫാനയുടെ അടുത്തെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ അടക്കമുള്ളവ കൈക്കലാക്കിയ ശേഷം പുഴയോട് ചേർന്ന പാതയോരത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

​സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ കൂട്ടുപ്രതികളായ ഇർഷാദും അസ്റുദീനും നേരത്തേ ലഹരിമരുന്ന് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe