തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. ഡിവൈഎഫ്‌ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് അടക്കം അഞ്ച് പേരെയാണ് പിടികൂടിയിരിക്കുന്നത്. ശ്രീജിത്തിനെയും മറ്റൊരാളെയും പൊലീസ് പിടികൂടുകയാണ് ചെയ്തത്. നിതിൻ രാജ്, മനോജ്, ഷമിൻ എന്നിവരെ സിപിഐഎം പൊലീസിന് മുന്നിൽ സറണ്ടറാക്കുകയായിരുന്നു.
ഇ ഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തികേയന്റെ നേതൃത്വത്തിൽ അറസ്റ്റ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതികൾ പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വൻ പൊലീസ് സന്നാഹം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ തമ്പടിച്ചു. തൊട്ടുപിന്നാലെ മുതിർന്ന നേതാക്കളായ വി ജോയ്, വി ശിവൻകുട്ടി, ജോൺ ബ്രിട്ടാസ് എംപി, വി കെ പ്രശാന്ത് അടക്കമുള്ളവർ സ്ഥലത്തെത്തി. പ്രതികൾ ഏരിയ കമ്മിറ്റി ഓഫീലിൽ ഇല്ലെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. ഈ സമയം പത്ത് പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഐഎം നേതാക്കൾക്ക് കൈമാറി. പ്രതികളെ പിടികൂടാനായി പാർട്ടി ഓഫീസിലേക്ക് കയറുമെന്നും നടപടി സ്വീകരിക്കാൻ ഡിജിപിയുടെ നിർദേശമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിനെ പാർട്ടി ഓഫീസിൽ കയറാൻ സമ്മതിക്കില്ലെന്ന നിലപാടാണ് വി ശിവൻകുട്ടി സ്വീകരിച്ചത്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിന്നു. ഇതിന് പിന്നാലെയായിരുന്നു ശ്രീജിത്തിന്റെ അറസ്റ്റ്.
ബേക്കറി ജങ്ഷനിൽവെച്ചാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസിന്റേതായിരുന്നു നടപടി. ശ്രീജിത്തിനെ നന്ദാവനം എആർ ക്യാമ്പിലേക്ക് മാറ്റി. ഇതേസമയം ഏരിയ കമ്മിറ്റിയിൽ ഉണ്ടായിരുന്ന നിതിൻ രാജ്, മനോജ്, ഷമിൻ എന്നിവരെ സിപിഐഎം നേതാക്കൾ പൊലീസിന് മുന്നിൽ സറണ്ടറാക്കുകയായിരുന്നു.
