തിരുവനന്തപുരം > ഇഎസ്എ അതിർത്തി നിർണ്ണയത്തിലെ അപാകത പരിഹരിക്കാൻ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി വി എൻ വാസവനാണ് നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്. ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂർത്തീകരിക്കുന്നതനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്റർ എന്നതിൽ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ട്. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിർണ്ണയമായതിനാൽ ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. ഇതിനുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ഘട്ടത്തിൻറെ പരിസ്ഥിതി ദുർബല പ്രദേശം(ഇഎസ്എ) കണ്ടെത്തുന്നതിനായി മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ വിദഗ്ദ്ധ സമിതിക്ക് 2010-ലാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രൂപം നൽകിയത്. സമിതിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 12 ജില്ലകളിലെ ജനവാസ മേഖലകൾ ഉൾപ്പെടെ ഇഎസ്എ ആയി മാറുന്ന സ്ഥിതി വന്നു. തുടർന്ന് ജനങ്ങളിലുണ്ടായ ആശങ്ക കണക്കിലെടുത്ത് അതിർത്തി നിർണ്ണയത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് കസ്തൂരി രംഗന്റെ നേതൃത്വത്തിൽ ഉന്നതതല മേൽനോട്ടസമിതിയെ കേന്ദ്രം നിയോഗിച്ചു. താലൂക്ക് അടിസ്ഥാന യൂണിറ്റായി കണക്കാക്കിയുള്ള ഗാഡ്ഗിൽ റിപ്പോർട്ടിലെ അപാകതകൾ വിലയിരുത്തിയശേഷം വില്ലേജുകളെ അടിസ്ഥാന യൂണിറ്റാക്കി മേഖല നിർണ്ണയിക്കാമെന്ന് കസ്തൂരി രംഗൻ കമ്മിറ്റി നിർദ്ദേശിച്ചു.
പശ്ചിമഘട്ടത്തിന്റെ ഏകദേശം 37 ശതമാനം, അതായത് 59,940 ചതുരശ്ര കിലോമീറ്റർ ആണ് പരിസ്ഥിതി ദുർബല പ്രദേശമായി ഈ കമ്മിറ്റി കണ്ടെത്തിയത്. ഇതിൽ കേരളത്തിൽ 123 വില്ലേജുകളുടെ ആകെ വിസ്തൃതിയായ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എ ആയി മാറി. ഇത് വീണ്ടും ജനങ്ങൾക്കിടയിൽ ആശങ്കയും പ്രതിഷേധവും ഉണ്ടാക്കി. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയുണ്ടായതിനെത്തുടർന്ന് കേന്ദ്ര മന്ത്രാലയം സ്ഥലപരിശോധന ഉൾപ്പെടെ നടത്തി അതിർത്തി നിശ്ചയിച്ച് നൽകുവാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ഇതിനായി, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാനായ ഡോ. ഉമ്മൻ വി ഉമ്മന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ദ്ധ സമിതിയെ 2013-ൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി.
മേൽ സൂചിപ്പിച്ച 123 വില്ലേജുകൾ എന്നതിൽ മാറ്റം വരുത്തേണ്ടതില്ല എന്ന നിലപാടാണ് ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയും സ്വീകരിച്ചത്. എന്നാൽ, സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) രേഖകൾ പ്രകാരം ഈ വില്ലേജുകളിലെ കൃഷിഭൂമിയുടെ വിസ്തീർണ്ണമായ 3114.3 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കിക്കൊണ്ട് 9993.7 ചതുരശ്ര കിലോമീറ്റർ ആയി നിശ്ചയിക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു. ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ സ്വാഭാവിക ഭൂപ്രകൃതിയും 886.7 ചതുരശ്ര കിലോമീറ്റർ സാംസ്കാരിക ഭൂപ്രകൃതിയും ആയി കണക്കാക്കി. എന്നാൽ ഈ വിസ്തൃതി നിർണ്ണയവും വസ്തുതാ വിവരങ്ങളോ കൃത്യമായ സ്ഥലനിർണ്ണയമോ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല.
2014 മാർച്ചിൽ പുറപ്പെടുവിച്ച ആദ്യ കരട് ഇഎസ്എ വിജ്ഞാപന പ്രകാരം 9993.7 ചതുരശ്ര കിലോമീറ്റർ കേരളത്തിന്റെ ഇഎസ്എ ആയി. അതിർത്തി സംബന്ധിച്ച ജിഐഎസ് രേഖകളോ മറ്റു വിവരങ്ങളോ കേന്ദ്ര മന്ത്രാലയത്തിന് തയ്യാറാക്കി സമർപ്പിച്ചിരുന്നില്ല. അതോടൊപ്പം, ശാസ്ത്രീയമായി തയ്യാറാക്കിയ ഭൂപടവും പ്രസിദ്ധീകരിച്ചില്ല. ഇതു കാരണം കരട് വിജ്ഞാപനത്തിലെ വിസ്തൃതി 9993.7 ചതുരശ്ര കിലോമീറ്റർ എന്നതിൽ ഇതുവരെ യാതൊരു മാറ്റവും വരുത്തുവാൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തയ്യാറായിട്ടില്ല. വിവിധ അളവുകളിൽ കൂട്ടിയോജിപ്പിച്ചതിനാൽ കഡസ്ട്രൽ മാപ്പുകൾക്ക് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഇതിനിടെ, സംസ്ഥാനത്ത് ചില വില്ലേജുകൾ ഭരണ സൗകര്യാർത്ഥം വിഭജിക്കപ്പെട്ടു. വില്ലേജ് യൂണിറ്റായി കണക്കാക്കി ഇഎസ്എ നിർണ്ണയിക്കുന്നതിനാൽ, വില്ലേജുകളുടെ ആകെ എണ്ണം 123-ൽ നിന്ന് 131 ആയി വർദ്ധിച്ചു.
2016-ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ കാലം മുതലാണ് ഈ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചത്. വില്ലേജ് യൂണിറ്റാക്കിയുള്ള നിർണ്ണയരീതിയുടെ സങ്കീർണ്ണതകൾ വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തി. ഇഎസ്എയുടെ ഭൂവിസ്തൃതി കൃത്യമായി നിർണ്ണയിക്കുന്നതിന് സഹായകമായ കഡസ്ട്രൽ മാപ്പ് സമയബന്ധിതമായി തയ്യാറാക്കുന്നതിന് കെഎസ്ആർഇസിയെ ചുമതലപ്പെടുത്തി. ഒപ്പം വനം, റവന്യൂ, പരിസ്ഥിതി, തദ്ദേശസ്വയംഭരണം, ലാൻറ് യൂസ് ബോർഡ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം വഴി ഈ മാപ്പ് പൂർത്തിയാക്കുന്നതിന് നടപടിയും ആരംഭിച്ചു.
2017 മെയ് മാസത്തിൽ നടത്തിയ ആശയവിനിമയത്തിലൂടെ മുമ്പ് നിർദ്ദേശിച്ച പ്രകാരം 9107 ചതുരശ്ര കിലോമീറ്റർ വനപ്രദേശവും അതോടൊപ്പം ചേർന്നുകിടക്കുന്ന 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവും ആവാസവ്യവസ്ഥ സംരക്ഷിച്ചുകൊണ്ട് പ്രത്യേക പരിചരണത്തോടെ സർക്കാർ നിലനിർത്താമെന്നും അക്കാരണത്താൽ വനപ്രദേശമായ 9107 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ നിജപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഈ നിർദ്ദേശം 2018 ഏപ്രിലിൽ കേന്ദ്ര മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിലും ഉന്നയിച്ചു. എന്നാൽ, ഇതിനോട് യോജിക്കുന്ന സമീപനം കേന്ദ്രം സ്വീകരിച്ചില്ല.
നിർദ്ദിഷ്ട ഭൂവിവരങ്ങൾ വിവിധ സങ്കേതങ്ങൾ വഴി പരിശോധിച്ച് ആവശ്യമായ രേഖകൾ സഹിതം വിലയിരുത്തിയശേഷം 92 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റർ മാത്രമാണ് മൊത്തം ഇഎസ്എ എന്ന് കണ്ടെത്തി. ഈ അളവിൽ ചെറിയ വ്യതിയാനങ്ങൾ ഉണ്ടാകാമെന്നതും കണക്കിലെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദ വിവരങ്ങൾ അടങ്ങിയ കുറിപ്പുകൾ സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുകയും തുടർന്ന് ജിഐഎസ് മാപ്പ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം സംസ്ഥാനത്തിന്റെ കരട് നിർദ്ദേശം 2018 ജൂൺ 16ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2021ൽ കേന്ദ്ര മന്ത്രാലയം ആകെ വിസ്തൃതിയിൽ മാറ്റം വരുത്താതെ കോർ ഇഎസ്എ, നോൺ കോർ ഇഎസ്എ എന്ന പുതിയ ആശയം സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു. എന്നാൽ, നിർദ്ദേശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ഇഎസ്എ 8656.46 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്തണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
നിർദ്ദിഷ്ട വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കുന്നതിനുള്ള പരിശോധനാ നടപടികളാണ് തുടർന്ന് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. 2022 മെയ് 24ന് ചീഫ് സെക്രട്ടറി നടത്തിയ യോഗത്തെത്തുടർന്ന് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാതല പരിശോധനാ സമിതിക്ക് രൂപം നൽകി. ബന്ധപ്പെട്ട വകുപ്പുകളിൽ ലഭ്യമായ വിവരങ്ങൾ എല്ലാം സമിതിക്ക് പരിശോധനയ്ക്കായി കൈമാറണമെന്ന് നിർദ്ദേശിച്ചു. കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങളുടെ ശിപാർശകൾ പരിശോധിക്കുന്നതിനായി നിയോഗിച്ച സഞ്ജയ് കുമാർ ഐഎഫ്എസ് (റിട്ട.) അധ്യക്ഷനായ ആറംഗ സമിതി മുമ്പാകെ ഇഎസ്എ വനപ്രദേശങ്ങളിൽ മാത്രമായി നിജപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.
സംസ്ഥാനത്ത് രൂപീകരിച്ച പരിശോധനാ സമിതി പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കരട് ഫയൽ പരിശോധിച്ചു. വനാതിർത്തിയിൽ വരുന്ന വില്ലേജുകളിലെ സ്ഥലപരിശോധന പൂർത്തിയാക്കി അപാകതകൾ നിർണ്ണയിച്ചു. ഇതേത്തുടർന്ന്, എല്ലാ രേഖകളും 2024 മാർച്ചിൽ പഞ്ചായത്തുകളിലേക്ക് കൈമാറി. സമിതിയുടെ പരിശോധനയ്ക്കുശേഷം ഇഎസ്എ പുനർനിർണ്ണയിക്കുകയുണ്ടായി. പഞ്ചായത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സംസ്ഥാനത്തിന്റെ പുതുക്കിയ ഇഎസ്എ നിർദ്ദേശം 2024 മെയ് 13-ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് സമർപ്പിച്ചു.
നിലവിലുണ്ടായിരുന്ന വില്ലേജുകളുടെ അതിർത്തി പുനർനിർണയിക്കുകയും ചിലത് വിഭജിക്കുകയും ചെയ്തതിനെത്തുടർന്ന് ഇഎസ്എ പരിധിയിൽ വരുന്ന ആകെ വില്ലേജുകളുടെ എണ്ണം 92 ൽ നിന്ന് 98 ആയി മാറി. അതോടൊപ്പം, വസ്തുതാ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആകെ അളവ് 8656.46 ചതുരശ്ര കിലോമീറ്റർ ഇഎസ്എ എന്ന നിർദ്ദേശം 8711.98 ചതുരശ്ര കിലോമീറ്റർ ആയും മാറിയിട്ടുണ്ട്.
ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂർത്തീകരിക്കുന്നതനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്റർ എന്നതിൽ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ട്. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിർണ്ണയമായതിനാൽ ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. ഇതിനുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്നും മന്ത്രി വി എൻ വാസവൻ സഭയിൽ പറഞ്ഞു.