തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷത്തോട് അനുബന്ധിച്ചുള്ള മഴ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
ഇനിയുള്ള ദിവസങ്ങളിൽ കൊമോറിൻ മേഖലയിലേക്കും, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും കാലവർഷം വ്യാപിക്കും. 27ആം തീയതിയോടെ കാലവർഷം കേരളാ തീരം തൊട്ടേക്കും. 18 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കോഴിക്കോട് മലയോര മേഖലയില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചു. ഉച്ചയോടെയാണ് മഴ പെയ്തത്. മുക്കം നഗരസഭയിലെ ഏഴാം വാര്‍ഡില്‍ റോഡ് ഭാഗികമായി തകര്‍ന്നു. ഒഴലൂര്‍ കുഴമുള്ളകണ്ടി റോഡാണ് തകര്‍ന്നത്. റോഡില്‍ വലിയ കുഴിയും രൂപപ്പെട്ടു. പേരാമ്പ്രയില്‍ വീടിന് സമീപം മണ്ണിടിഞ്ഞു. കിഴക്കന്‍ പേരാമ്പ്രയില്‍ അബ്ദുള്ള ബൈത്തുല്‍ ബര്‍ക്ക എന്നയാളിന്റെ വീടിന്റെ പുഴക് വശത്തെ മതിലാണ് വീണത്. നിലവില്‍ മലയോര മേഖലയില്‍ മഴ വിട്ട് നില്‍ക്കുകയാണ്. എങ്കിലും ആകാശം കാര്‍മേഘം മൂടിയ അവസ്ഥയിലാണ്. കോഴിക്കോട് നഗരത്തിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ്.