മൂലമറ്റം: ഞായറാഴ്ച മാത്രം ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്തത് 45.4 മില്ലീമീറ്റർ മഴ. ഇതുവഴി ഇടുക്കി ഡാമിലേക്ക് 9.13 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. ഇത്തരത്തിൽ മഴ തുടർന്നാൽ വേനലിൽ 30 ശതമാനത്തിലേക്ക് താഴ്ന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വരുംദിവസങ്ങളിൽ ഉയർന്ന് തുടങ്ങും.
മൂന്നാർ 93.2 മില്ലീമീറ്റർ മഴയും പീരുമേട് 55.5, തൊടുപുഴ 56, മൈലാടുംപാറ 29.6 മീല്ലീമീറ്ററും മഴ ലഭിച്ചു. മാർച്ച് ഒന്ന് മുതൽ ഞായറാഴ്ച വരെ ജില്ലയിൽ ലഭിച്ചത് ഏഴ് ശതമാനം അധിക മഴയാണ്. ഈ കാലയളവിൽ 371.6 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 399. 2 മില്ലീമീറ്റർ മഴ ലഭിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ഞായറാഴ്ച ജലനിരപ്പ് 2329.88 അടിയാണ്. ഇത് പൂർണ സംഭരണശേഷിയുടെ 30 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേസമയം 32 ശതമാനം ജലം അവശേഷിച്ചിരുന്നു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            