ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റർടെയ്നർ ചിത്രത്തിൽ, തിയറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിന്റെ മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിൽ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സ്ക്രീനിൽ തകർക്കുന്നതിനൊപ്പം മോഹൻലാലിന്റെ ഒരു മാസ്സ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്ന് ട്രെയിലർ കാണിച്ചു തരുന്നുണ്ട്. ദിലീപ് മോഹൻലാൽ ടീമിന്റെ സംഘട്ടനവും, പാട്ടും, നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നതിന്റെ ഒരു സാംപിൾ ആണ് ട്രെയിലറിലൂടെ അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിയതിനൊപ്പം ക്രിസ്മസിന് തിയറ്ററുകളെ ജനസാഗരമാക്കും ഈ ചിത്രമെന്ന് ട്രെയിലർ ഉറപ്പിക്കുന്നു.
‘വേൾഡ് ഓഫ് മാഡ്നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രത്തിലെ താരങ്ങളെ അവതരിപ്പിക്കുന്നതെന്ന് ടീസറും, ഇപ്പോൾ വന്ന ട്രെയിലറും സൂചിപ്പിക്കുന്നു. ആക്ഷൻ, കോമഡി, ഗാനങ്ങൾ, ത്രിൽ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ആഘോഷ ചിത്രം ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
