കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ കാസർകോട് ജില്ലക്കാരനായ സ്ഥാനാർഥിക്കായുള്ള പോരാട്ടം യു.ഡി.എഫിലെ ഘടകകക്ഷികൾ അവസാനിപ്പിച്ചെങ്കിലും പുറത്തുനിന്നുള്ള സ്ഥാനാർഥികൾ തൃക്കരിപ്പൂർ മണ്ഡലത്തിന് പുത്തരിയല്ല. 1977-ൽ മണ്ഡലം നിലവിൽ വന്നശേഷം എൽ.ഡി.എഫും യു.ഡി.എഫും മണ്ഡലത്തിൽ ജില്ലക്കാരായ സ്ഥാനാർഥികളെയും പുറത്തുനിന്നുള്ളവരെയും പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ജയം എൽ.ഡി.എഫിനൊപ്പമായിരുന്നുവെന്നുമാത്രം. യു.ഡി.എഫിൽ കോൺഗ്രസും ഇടയ്ക്കൊക്കെ കേരളാ കോൺഗ്രസും മത്സരിച്ചെങ്കിലും വിജയം കൈയെത്തിപ്പിടിക്കാനായില്ല. മണ്ഡലം നിലവിൽ വന്നശേഷമുള്ള ആദ്യമത്സരം സി.പി.എമ്മിലെ പി.കരുണാകരനും കേരളാ കോൺഗ്രസിലെ പി.ടി.ജോസും തമ്മിലായിരുന്നു. 6120 വോട്ടിന് പി.കരുണാകരൻ ജയിച്ചു. കണ്ണൂർ ജില്ലക്കാരനാണ് പി.ടി.ജോസ്.
തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനായി കണ്ണൂർ ജില്ലക്കാരായ ഒ.ഭരതനും ഇ.കെ.നായനാരും കാസർകോട് ജില്ലക്കാർ തന്നെയായ കെ.പി.സതീഷ് ചന്ദ്രനും കെ.കുഞ്ഞിരാമനും എം.രാജഗോപാലനും വിജയക്കൊടി പാറിച്ചു. എതിരാളികളായി കോൺഗ്രസിൽനിന്ന് കണ്ണൂർ ജില്ലക്കാരായ കെ.പി.കുഞ്ഞിക്കണ്ണനും കെ.കുഞ്ഞികൃഷ്ണനും സോണി സെബാസ്റ്റ്യനും കാസർകോട് ജില്ലക്കാരായ സി.കെ.ശ്രീധരനും കരിമ്പിൽ കൃഷ്ണനും എ.വി.വാമനകുമാറും കെ.വി.ഗംഗാധരനും മത്സരിച്ചു. കേരളാ കോൺഗ്രസ് സ്ഥാനാർഥികളായി കാസർകോട് ജില്ലക്കാരനായ കെ.ടി.മത്തായിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലക്കാരനായ എം.പി.ജോസഫും കളത്തിലിറങ്ങിയെങ്കിലും ഫലത്തിൽ മാറ്റമൊന്നുമുണ്ടായില്ല.
മാറിമറിഞ്ഞ് ഭൂരിപക്ഷം
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 26,137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ എം.രാജഗോപാലൻ ജയിച്ചത്. എതിരാളി യു.ഡി.എഫ്. സ്ഥാനാർഥി കേരളാ കോൺഗ്രസിലെ എം.പി. ജോസഫിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം യു.ഡി.എഫിനായി. കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിൽ 10,448 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഭൂരിപക്ഷം തിരിച്ചുപിടിച്ചെങ്കിലും അത് 6010 ആയി കുറഞ്ഞു.
എൻ.ഡി.എ.യുടെ വോട്ട് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 10,961 ആയിരുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 17,085 ആയി ഉയർന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ 8529 ആയി താഴ്ന്നു. മണ്ഡലത്തിൽ ആകെയുള്ള ഒൻപത് തദ്ദേശസ്ഥാപനങ്ങളിൽ നീലേശ്വരം നഗരസഭയും വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, ചെറുവത്തൂർ, പിലിക്കോട്, പടന്ന പഞ്ചായത്തുകൾ എൽ.ഡി.എഫും ഈസ്റ്റ് എളേരി, തൃക്കരിപ്പൂർ, വലിയപറമ്പ് പഞ്ചായത്തുകൾ യു.ഡി.എഫുമാണ് ഭരിക്കുന്നത്. മണ്ഡലത്തിൽ നിലവിൽ 2,09,642 വോട്ടർമാരാണുള്ളത്. 1,01,826 പുരുഷന്മാരും 1,07,814 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറുകളും.
മണ്ഡലം പിടിക്കാൻ സന്ദീപ് വാരിയർ, നിലനിർത്താൻ വി.പി.പി. മുസ്തഫ
തൃക്കരിപ്പൂർ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി സന്ദീപ് വാരിയർ പ്രചാരണം തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് കോയമ്പത്തൂർ-മംഗളൂരു സെൻട്രൽ എക്സ്പ്രസിന് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സ്ഥാനാർഥിക്ക് യു.ഡി.എഫ്. നേതാക്കളും പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണം നൽകി. തുടർന്ന് റോഡ് ഷോയുമുണ്ടായി.
കഴിഞ്ഞതവണ മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിനാൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർഥിയാണിവിടെ മത്സരിച്ചത്. ഇത്തവണ ജില്ലയിൽനിന്നുള്ള സ്ഥാനാർഥിക്കായി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് തുടക്കം മുതലേ യു.ഡി.എഫിൽ ആവശ്യമുയർന്നിരുന്നു. ഇതനുസരിച്ച് കോൺഗ്രസ് മണ്ഡലം ഏറ്റെടുത്തെങ്കിലും മത്സരിക്കുന്നത് പക്ഷേ, ജില്ലയിൽനിന്നുള്ള സ്ഥാനാർഥിയല്ലെന്നുമാത്രം. മലപ്പുറം ജില്ലക്കാരനാണ് സന്ദീപ് വാരിയർ. 2024-ൽ ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്.
ജില്ലക്കാരനായ സ്ഥാനാർഥിയെ ലഭിക്കാത്തതിനാൽ കോൺഗ്രസ് പ്രാദേശികനേതൃത്വത്തിൽ കടുത്ത പ്രതിഷേധമുണ്ട്. എന്നാൽ ഉന്നതതലത്തിൽനിന്നുള്ള സമ്മർദം കാരണം അവർ ഇത് ഉള്ളിലൊതുക്കുകയാണ്. ആദ്യം സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന നിലാപാടെടുത്ത കേരള കോൺഗ്രസ് ജില്ലാ നേതൃത്വം ഇവിടെ സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്റിനെ നിർദേശിക്കുകയും ചെയ്തു. പിന്നീട് കാഞ്ഞങ്ങാട് മണ്ഡലം അവർക്ക് വിട്ടുകൊടുത്ത് തൃക്കരിപ്പൂർ കോൺഗ്രസ് ഏറ്റെടുത്തു.
കോൺഗ്രസിൽനിന്ന് ഡി.സി.സി. പ്രസിഡന്റ് പി.െക. ഫൈസലും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസുമുൾപ്പെടെയുള്ളവർ തുടക്കം മുതൽ സീറ്റിനായി രംഗത്തുണ്ടായിരുന്നു. ജോമോനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരേ മണ്ഡലം പ്രസിഡന്റുമാരുടെ പേരിൽ ജില്ലാ നേതാവ് വ്യാജ കത്തയച്ചതും വിവാദമായി. ഒടുവിൽ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയുടെ പേരുൾപ്പെടെ പരിഗണിച്ചെങ്കിലും ചില നേതാക്കളുടെ എതിർപ്പുകാരണം അതും ഉപേക്ഷിച്ചു. ഇതോടെ സന്ദീപ് വാരിയർക്ക് നറുക്കുവീണു. ജില്ലാ നേതൃത്വം എതിർപ്പ് തുടർന്നെങ്കിലും ഒടുവിൽ വഴങ്ങേണ്ടിവന്നു. ഒറ്റപ്പാലത്ത് പി.കെ. ശശിയെ പിന്തുണയ്ക്കാനുള്ള തീരുമാനം കാരണം അവിടെ പരിഗണിക്കാനിരുന്ന സന്ദീപ് വാരിയർ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.
വെല്ലുവിളികളേറെ
1977-ൽ നിലവിൽവന്നതുമുതൽ സി.പി.എം. കൈവശം വെക്കുന്ന മണ്ഡലത്തിൽ ഇത്തവണ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ വി.പി.പി. മുസ്തഫയാണ്. തൃക്കരിപ്പൂർ സ്വദേശിയായ അദ്ദേഹത്തിന് മുക്കും മൂലയും വരെ പരിചിതം. മുമ്പും സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടിരുന്നു. അപ്പോഴൊക്കെ നഷ്ടമായ അവസരമാണിപ്പോൾ ലഭിച്ചത്. ബി.ജെ.പി.യിലായിരുന്നപ്പോഴും പിന്നീട് കോൺഗ്രസിൽ വന്നപ്പോഴും ടി.വി. ചർച്ചകളിൽ സ്ഥിരംസാന്നിധ്യമായതിനാൽ സന്ദീപ് വാരിയരെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ മണ്ഡലത്തിൽ അദ്ദേഹത്തിന് പരിചയം പോരാ. പുറത്തുകാണിക്കുന്നില്ലെങ്കിലും കോൺഗ്രസിനുള്ളിൽ എതിർപ്പുമുണ്ട്. എൻ.ഡി.എ. സ്ഥാനാർഥി ട്വന്റി-20-യിലെ രവി കുളങ്ങരയും മണ്ഡലത്തിൽനിന്നുള്ളയാളാണ്.
