തൃശൂര്‍: തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ലെന്നും കുരുതി കൊടുക്കാൻ താൻ നിന്നു കൊടുക്കാൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. കേരളത്തിൽ യുഡിഎഫിന് വലിയ വിജയമുണ്ടായി. സംസ്ഥാനസർക്കാരിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ ഒരിക്കലും ഉണ്ടാകരുതെന്ന് ആഗ്രഹിച്ച അപ്രതീക്ഷിത വിജയം തൃശൂരില്‍ ബിജെപി നേടി. പതിവില്ലാത്ത രീതിയില്‍ രണ്ട് മുന്നണിക്കൊപ്പം ബിജെപിയുടെ സാന്നിധ്യമുണ്ടായി. തൃശൂരില്‍ ന്യൂനപക്ഷ വോട്ടില്‍ വിള്ളലുണ്ടായി. മുന്നാക്ക വോട്ട്, ക്രൈസ്തവ വോട്ട് എന്നിവ ബിജെപിക്ക് സമാഹരിക്കാനായി.
മുസ്ലീം വോട്ടില്‍ നല്ല വിഭാഗം യുഡിഎഫിന് വന്നതിനാല്‍ ഗുരുവായൂരില്‍ യുഡിഎഫിന് ലീഡ് നേടാനായി. എല്‍ഡിഎഫിന്റെ ഉറച്ച വോട്ടു ബാങ്കുകള്‍ പോലും അവരെ കൈവിട്ടു. മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടും തിരിച്ചടി നേരിട്ടു. തൃശൂരില്‍ സിപിഎം-ബിജെപി അന്തര്‍ധാര ഉണ്ടായി. തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് പരിശോധിക്കും. പഞ്ചായത്ത് നിയമസഭാ വോട്ടില്‍ രാഹുല്‍ ഇഫക്ട് ഉണ്ടാവമെന്നില്ല. യുഡിഎഫിനെ സഹായിച്ച രണ്ട് പ്രബല സമുദായത്തിലുള്ള വിള്ളല്‍ തിരിച്ചടിയായി. സംഘടനാപരമായ ദൗര്‍ബല്യം പാര്‍ട്ടിക്കുണ്ട്. അതിന് നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൊതു സമൂഹത്തില്‍ വന്ന മാറ്റം അനുസരിച്ച് വോട്ട് ചേര്‍ക്കുന്നതില്‍ പിഴവുണ്ടായി.
കരുണാകരനും താനും മുമ്പും പരാജയപ്പെട്ടത് ആഭ്യന്തര സംഘർ സംഘർഷങ്ങൾ കൊണ്ടാണ്ട്. എന്നാല്‍, ഇക്കുറി ഒരിടത്തും നെഗറ്റീവ് ട്രെന്‍ഡില്ല. തൃശൂര്‍ പൂരം മുതലാണ് കാര്യം പാളിയത്. സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി ബിജെപിക്ക് ഗുണമായി. ഇനിയൊരു മത്സരത്തിന് തല്‍ക്കാലമില്ല. പൊതുരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ്. സുരേഷ് ഗോപിക്ക് വേണ്ടി മൂന്ന് തവണ പ്രധാനമന്ത്രി വന്നു. വിഎസ് സുനില്‍ കുമാറിന് വേണ്ടി മുഖ്യമന്ത്രി വന്നു. എനിക്ക് വേണ്ടി ആരും വന്നില്ല. എനിക്ക് വേണ്ടി ഡികെ ശിവകുമാര്‍ മാത്രമാണ് വന്നു. എന്നാല്‍, അദ്ദേഹത്തെ പ്രചാരണത്തിൽ ശരിക്കും ഉപയോഗിക്കാനായില്ല. സ്വരം നന്നാകുമ്പോ പാട്ടു നിര്‍ത്തണം എന്നാണല്ലോ. അതിനാല്‍ ഇനി മത്സരിക്കില്ല.
താൻ മത്സരിച്ചിട്ടും ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാനായില്ല എന്ന സങ്കടമുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നെങ്കില്‍ കൂടി സങ്കടം ഉണ്ടാകുമായിരുന്നില്ല. ലീഗിലെ എല്ലാ നേതാക്കളും തനിക്കായി വന്നു. താനെന്നും കോണ്‍ഗ്രസുകാരനായ നില്ക്കും. തല്ക്കാലം ഒരു കമ്മിറ്റിയിലേക്കും ഇല്ല. ഇനിയൊരു മത്സരത്തിന് തല്‍ക്കാലമില്ല. ജനിച്ച സ്ഥലത്ത് തനിക്ക് രാശിയില്ലെന്നും കെ മുരളീധരൻ പറ്ഞു. തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ല. വടകരയില്‍ നിന്നാല്‍ തന്നെ ജയിക്കുമായിരുന്നു. കുരുതി കൊടുക്കാൻ താൻ നിന്നുകൊടുക്കാൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.