ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ഹൈകമ്മീഷണർ പ്രണയ് വർമ്മയെയാണ് ധാക്കയിൽ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി വിളിച്ചുവരുത്തിയത്.
ഹൈകമ്മീഷണറെ വിളിച്ചുവരുത്തിയെന്ന് ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉഭയകക്ഷി കരാര്‍ ലംഘിച്ച് അതിര്‍ത്തിയിൽ വേലി കെട്ടാൻ നീക്കം നടത്തിയെന്നാണ് ബംഗ്ലാദേശ് ആരോപണം. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിന് വിരുദ്ധമായി ഇന്ത്യ അതിർത്തിയിൽ അഞ്ചിടത്ത് വേലി കെട്ടുന്നതായി ബംഗ്ലാദേശ് സർക്കാർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പെട്ട സംഘം ധാക്കയിലെ വിദേശകാര്യ മന്ത്രാലയത്തിൽ എത്തുകയും വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാസിമുദ്ദീനുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, ഇന്ത്യൻ നയതന്ത്ര സംഘത്തെ വിളിച്ചുവരുത്തി എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹൈകമ്മിഷണറെ ബംഗ്ലാദേശ് വിളിച്ചുവരുത്തിയ നടപടി ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.