ഇന്ത്യക്ക് വഴങ്ങി കാനഡ; നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു

news image
Oct 6, 2023, 11:18 am GMT+0000 payyolionline.in

ദില്ലി: ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് കാനഡ. ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പൂരിലേക്കും ക്വാലാലംപൂരിലേക്കുമാണ് മാറ്റിയത്. ഈ മാസം പത്തിനുള്ളില്‍ ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ മാറ്റിയത്. ദില്ലിക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെയാണ് സിംഗപ്പൂരിലേക്കും ക്വാലാലംപൂരിലേക്കും മാറ്റിയത്. കനേഡിയൻ മാധ്യമമായ സി ടിവി ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍നിന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഫിനാല്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഇന്ത്യയോടെ കാനഡയോ ഔദ്യോഗിക സ്ഥീരികരണം നല്‍കിയിരുന്നില്ല. ഇന്ത്യയിലുള്ള കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരില്‍ 41 പേരെ ഒക്ടോബര്‍ പത്താം തീയ്യതിക്ക് മുമ്പ് തിരിച്ചയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

 

ഇന്ത്യയില്‍ കാനഡയ്ക്ക് 62 നയതന്ത്ര ഉദ്യോഗസ്ഥരാണുള്ളത്. ഇവരുടെ എണ്ണം 41 ആയി കുറയ്ക്കണമെന്ന് നേരത്തെ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. കാനഡയിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലുള്ള കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലാണെന്നും ഇരു രാജ്യങ്ങളിലും പരസ്‍പരമുള്ള സാന്നിദ്ധ്യം എണ്ണത്തിലും പദവികളിലും തുല്യമാക്കി മാറ്റണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചിലാണ് ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏജന്റുമാരാണെന്ന് കാനഡ വാദിച്ചെങ്കിലും ഇക്കാര്യം പൂര്‍ണമായി നിഷേധിച്ച ഇന്ത്യ, കാനഡയുടെ വാദത്തെ അബദ്ധജടിലമെന്നാണ് വിശേഷിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe