ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യവന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉടൻ മാംസഭക്ഷണം എത്തുമെന്ന് ഈസ്റ്റേൺ റെയിൽവേ. ചൊവ്വാഴ്ചയാണ് വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷ്യമെനുവിൽ നോൺ വെജ് ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചത്. ഒരാഴ്ചക്കുള്ളിൽ നോൺ വെജ് ഭക്ഷണം മെനുവിൽ ഉൾപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.
ജനുവരി 17നാണ് ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പറിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. ഗുവാഹത്തിയിലെ കാമാഖ്യ സ്റ്റേഷനിൽ നിന്നും ഹൗറയിലേക്കായിരുന്നു ട്രെയിനിന്റെ ആദ്യ യാത്ര. വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യയാത്രയിൽ അസമീസ് ഭക്ഷണമാണ് നൽകിയത്. ഹൗറയിൽ നിന്നും പുറപ്പെട്ട ട്രെയിനിൽ പശ്ചിമബംഗാളിന്റെ തനത് വിഭവങ്ങളും നൽകി.
എന്നാൽ, ഇരു സംസ്ഥാനങ്ങളിലേയും തനത് മെനുവിൽനിരവധി നോൺവെജ് ഭക്ഷ്യവസ്തുക്കൾ ഉണ്ടായിട്ടും അതൊന്നും മെനുവിൽ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന് കേന്ദ്ര വിഭ്യാഭ്യാസ സഹമന്ത്രി സുകന്ത മജുംദാർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബന്ധപ്പെടുകയും അദ്ദേഹം നോൺ വെജിറ്റേറിയൻ വിഭവങ്ങൾ വൈകാതെ വന്ദേഭാരതിന്റെ മെനുവിൽ എത്തുമെന്ന് അറിയിക്കുകയായിരുന്നു.
പശ്ചിമബംഗാളിലേയും അസമിലേയുംജനങ്ങളിലും ഭൂരിപക്ഷവും നോൺ വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവരാണ്. വൈകാതെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ നോൺ വെജ് ഭക്ഷണം ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
