‘ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കാനായി’; മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ

news image
Jul 9, 2024, 4:26 am GMT+0000 payyolionline.in
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിൻ അഭിപ്രായപ്പെട്ടു. മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. തൻ്റെ മൂന്നാം സർക്കാർ പരിഷ്ക്കരണ നടപടികൾക്ക് ഊന്നൽ നല്‍കുമെന്നും നരേന്ദ്രമോദി വ്ളാദിമിർ പുടിനെ അറിയിച്ചു. അതേസമയം, റഷ്യൻ സേനയുടെ കൂടെയുള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചയയ്ക്കാൻ ധാരണയായി. നരേന്ദ്ര മോദിയുടെ നിർദ്ദേശം വ്ളാദിമിർ പുടിൻ അംഗീകരിച്ചു. ഇന്ത്യയിൽ നിന്ന് സേനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു

നരേന്ദ്രമോദി റഷ്യൻ സന്ദർശനം തുടരുകയാണ്. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് മോസ്കോയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും നേതൃത്വം നൽകുന്ന ഉച്ചകോടിക്ക് ശേഷം സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. മോദിക്കും പുടിനും ഇടയിൽ ഒരു മണിക്കൂർ പ്രത്യേക ചർച്ചയും ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ മോസ്കോവിലെത്തിയ മോദിക്ക് പ്രസിഡൻ്റ് പുടിൻ അത്താഴ വിരുന്ന് നൽകിയിരുന്നു. റഷ്യയുടെ പരമോന്നത ദേശീയ പുരസ്ക്കാരമായ ഓഡർ ഓഫ് സെൻറ് ആൻഡ്രു മോദിക്ക് ഇന്ന് സമ്മാനിക്കും. 2019 ലാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. മോസ്കോവിലെ ഇന്ത്യൻ സമൂഹത്തെയും മോദി ഇന്ന് കാണും. വൈകിട്ട് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ എത്തുന്ന മോദിക്ക് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മർ അത്താഴ വിരുന്ന് നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe