ഇന്ത്യയുടെ നിയമങ്ങൾ പാലിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കാൻ വാട്ട്സ്ആപ്പിൻ്റെ മാതൃക കമ്പനിയായ മെറ്റക്ക് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോക്തൃ വിവരങ്ങൾ പങ്കുവെക്കുന്നതിന് ഇന്ത്യയുടെ നിയമങ്ങൾ മറികടക്കാൻ അനുവദിക്കില്ലെന്നും നിയമങ്ങൾ പാലിക്കാതെ സ്വകാര്യതാ നയം നടപ്പാക്കുന്നതായി കണ്ടെത്തിയാൽ കമ്പനിയുടെ സേവനം ഇന്ത്യയിൽ അവസാനിപ്പിക്കപ്പെടാം എന്നും കോടതി വ്യക്തമാക്കി.
“രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നമ്മുടെ ഡേറ്റയിൽ നിന്ന് ഒരു അക്കം പോലും പങ്കുവെക്കാൻ അനുവദിക്കില്ല. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ മെറ്റ തയ്യാറാകണം. അതിന് കഴിയില്ലെങ്കിൽ, കമ്പനിക്ക് ഇന്ത്യയില്‍ നിന്ന് പോകാം.” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
വാട്ട്സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയത്തിലെ മാറ്റങ്ങളും, ഉപയോക്തൃ വിവരങ്ങൾ ഫേസ്ബുക്ക് പോലുള്ള മറ്റ് മെറ്റാ പ്ലാറ്റ്ഫോമുകളുമായി പങ്കുവെക്കാനുള്ള നീക്കവുമാണ് കോടതിയെ ചൊടിപ്പിച്ചത്. അവസാന ഉത്തരവ് ഫെബ്രുവരി 10-ന് പ്രഖ്യാപിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
