ഇന്ത്യയുമായി കൂട്ടുകൂടാന്‍ താലിബാന്‍; കാബൂളില്‍ ചര്‍ച്ച നടത്തി

news image
Nov 7, 2024, 1:45 pm GMT+0000 payyolionline.in

ദില്ലി: അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിൽ സുപ്രധാന നീക്കവുമായി ഇന്ത്യ. താലിബാന്റെ ഉന്നത നേതാവും 1996 മുതൽ അഫ്ഗാനിസ്ഥാൻ്റെ അമീറുമായിരുന്ന മുല്ല ഒമറിൻ്റെ മകൻ കൂടിയായ താലിബാൻ ആക്ടിംഗ് പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി ഇന്ത്യ ബുധനാഴ്ച ആദ്യ കൂടിക്കാഴ്ച നടത്തി. താലിബാന്റെ രണ്ടാം വരവിൽ ഇന്ത്യ ആദ്യമായിട്ടാണ് ഔദ്യോ​ഗിക ചർച്ച നടത്തുന്നത്. യാക്കൂബും വിദേശകാര്യ ജോയിൻ്റ് സെക്രട്ടറി ജെപി സിംഗും തമ്മിലാണ് കാബൂളിൽ കൂടിക്കാഴ്ച നടത്തിയത്.

ഈ വർഷം കാബൂളിലെ തൻ്റെ രണ്ടാമത്തെ സന്ദർശനത്തിനിടെ ജെ.പി. സിം​​ഗ് താലിബാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയെയും മുൻ അഫ്ഗാൻ പ്രസിഡൻ്റ് ഹമീദ് കർസായിയെയും കണ്ടു. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാബൂളിലെ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാതെ തന്നെ, രാജ്യത്തിന് സഹായം മാത്രമല്ല, പുനർനിർമ്മാണ ശ്രമങ്ങളിലും സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നതിൻ്റെ സൂചനയാണ് കൂടിക്കാഴ്ചയെന്ന് ഉറവിടം വെളിപ്പെടുത്താതെ അഫ്ഗാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ അഫ്ഗാൻ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പ് നൽകി. പ്രതിരോധ മേഖലയിലെ സഹകരണത്തിനും വഴി തേടും.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം പ്രധാനമാണെന്നും ദില്ലിയിലെ അഫ്ഗാൻ എംബസിയിൽ താലിബാൻ വിദേശകാര്യ മന്ത്രാലയത്തിൽ നയതന്ത്രജ്ഞനെ നിയമിക്കാൻ അനുവദിക്കണമെന്നും താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് താലിബാൻ ഇന്ത്യയുമായി അടുക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ ഗ്രൂപ്പിലെ പ്രധാന അംഗങ്ങളെ സംരക്ഷിക്കുന്നുവെന്ന് പാകിസ്ഥാൻ കുറ്റപ്പെടുത്തിയിരുന്നു. മോസ്‌കോയിൽ നടന്ന ആറാം റൗണ്ട് മോസ്‌കോ ഫോർമാറ്റ് ചർച്ചയ്‌ക്കിടെ കഴിഞ്ഞ മാസവും സിംഗ് വിദേശകാര്യ മന്ത്രി മുത്താഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe