അത്യന്തം ആവേശം നിറച്ച ഏഷ്യാ കപ്പ് ഫൈനലില്‍ നാടകാന്തം ഇന്ത്യയ്ക്ക് ജയം. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഒരുവേള ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയുടെ കരുത്തുറ്റ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് രക്ഷയായത്. സഞ്ജു സാംസന്റെ ബാറ്റിങ്ങും ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. 147 റണ്‍സിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.
തിലക് വര്‍മ 53 ബോളില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നാല് ഓവറിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ തുറിച്ചുനോക്കിയ ഇന്ത്യയെ തിലക്- സഞ്ജു കൂട്ടുകെട്ടാണ് രക്ഷിച്ചത്. 24 റണ്‍സെടുത്ത് സഞ്ജു പുറത്തായതിനെ തുടര്‍ന്ന് ഇറങ്ങിയ ശിവം ദുബെയും തിലകിന് കരുത്ത് പകര്‍ന്നു. ശിവം ദുബെ 22 ബോളിൽ 33 റൺസെടുത്തു. സ്പിന്‍ മാന്ത്രികതയില്‍ പാക് ബാറ്റിങ് നിരയെ അസ്തപ്രജ്ഞരാക്കി അനായാസ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരുന്നത്.
ഫഹീം അഷ്റഫാണ് ഇന്ത്യയുടെ ആ മോഹത്തിന് തുടക്കത്തിൽ തടയിട്ടത്. അദ്ദേഹം രണ്ട് വിക്കറ്റ് നേടി. കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടത്തിലാണ് ഇന്ത്യ ബോളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ജസ്പ്രീത് ബുമ്ര, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റും കൊയ്തു. പാകിസ്ഥാന്റെ സാഹിബ്സാദ ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറി പാഴായി. 41 വർഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ- പാക് ഫൈനലുണ്ടായത്. ഈ ടൂർണമെൻ്റിൽ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയിരുന്നത്.