ഇന്ധനത്തിന്റെ പണം കിട്ടുന്നില്ല, പമ്പുടമകൾ കടുപ്പിക്കുന്നു; ജനുവരി മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനമില്ല

news image
Dec 12, 2023, 4:06 am GMT+0000 payyolionline.in

തിരുവനന്തപുരം : ജനുവരി ഒന്നു മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നൽകുന്നത് നിര്‍ത്തിവയ്ക്കാൻ പമ്പുടമകള്‍. ആറു മാസമായി ഇന്ധനം അടിച്ചതിന്‍റെ പണം നൽകാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പുടമകൾ നീങ്ങുന്നത്. പമ്പ് ഒന്നിന് 5 ലക്ഷം രൂപാ മുതൽ 25 ലക്ഷം രൂപാ വരെ കിട്ടാനുണ്ടെന്നാണ് ഉടമകൾ പറയുന്നത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നൽകിയ വകയിലും കോടികൾ കുടിശ്ശികയുണ്ടെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.

പൊതുമേഖലാ വാഹനങ്ങൾക്ക് ഇന്ധനം നൽകിയതിന്‍റെ പണം ഏറ്റവുമൊടുവിൽ ജൂണിൽ കിട്ടിയതാണ്. പൊലീസ് വാഹനങ്ങൾ, ഫയര്‍ഫോഴ്സ്, വിവിധ ഡിപ്പാര്‍ട്ട് മെന്‍റ് വാഹനങ്ങൾ, എന്നിവയൊന്നും ഇന്ധനം നിറച്ച് പോകുന്നതല്ലാതെ പണം നൽകുന്നില്ല. കൊല്ലം റൂറലിൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ ഒരു പമ്പിന് കിട്ടാനുള്ളത് 4 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ്. കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് റൂറൽ എസ്‍പിക്കും ഡിജിപിക്കും നിവേദനം നൽകിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ രണ്ടായിരത്തോളം ഡീലര്‍മാരാണ് സംഘടനയിലുള്ളത്.  ഏഴ് വര്‍ഷമായി ഡീലര്‍ കമ്മീഷൻ എണ്ണക്കമ്പനികൾ വര്‍ദ്ധിപ്പിക്കാത്തതും പ്രതിസന്ധിയാണ്. പമ്പുകളിലുണ്ടാകുന്ന അതിക്രമമങ്ങൾ തടയാൻ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കിൽ പ്രവര്‍ത്തനം പകൽമാത്രമായി ചുരുക്കുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe