പയ്യോളി: ചെങ്ങോട്ട് കാവ് 14-ാം വാർഡിൽ എടക്കുളത്ത് നന്ദന ഹൗസിന് സമീപം ഫന്യദാസിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ അടിക്കാടിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം.
വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് തീ പൂർണമായും നിയന്ത്രണവിധേയമാക്കി. പറമ്പിന് മുകളിലൂടെ കടന്നുപോയ വൈദ്യുത ലൈനിൽ നിന്നുണ്ടായ സ്പാർക്കാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനടുത്തുവരെ എത്തിയെങ്കിലും വലിയ അപകടം ഒഴിവായി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജി ഐയുടെ നേതൃത്വത്തിൽ ഫയർ റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ, അനൂപ് എൻ പി, ഷാജു കെ എന്നിവരും ഹോം ഗാർഡുമാരായ ഷൈജു, സുധീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
