ഇസ്രയേലിനെ ഏത് നിമിഷവും ഇറാൻ ആക്രമിച്ചേക്കും; ഇസ്രയേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

news image
Apr 13, 2024, 3:50 am GMT+0000 payyolionline.in

ദില്ലി: ഇറാൻ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യത. 48 മണിക്കൂറിനകം ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ആക്രമണത്തിന് മുതിരരുതെന്ന് ഇറാന് മുന്നറിയിപ്പ് നൽകി. ഏപ്രിൽ ഒന്നിന് സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിലെ ഖുദ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിരുന്നില്ല. എന്നാൽ പിന്നിൽ ഇസ്രയേലാണെന്നും തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ഒഴിവാക്കാനാണ് നിർദ്ദേശം. രണ്ടു രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എംബസിയിൽ രജിസ്റ്റർ ചെയ്യണം. പരമാവധി യാത്ര ഒഴിവാക്കി താമസസ്ഥലങ്ങളിൽ തുടരാൻ ശ്രമിക്കണമെന്നും ഇവർക്ക് മന്ത്രാലയം നിർദ്ദേശം നൽകി. ഇറാൻ – ഇസ്രയേൽ സംഘർഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യക്ക് പുറമെ മറ്റ് നിരവധി രാജ്യങ്ങൾ ഇസ്രയേലിലേക്ക് യാത്ര നിരോധിച്ചു. ടെൽ അവീവ്, ജറുസലേം അടക്കം നഗരങ്ങളിൽ നിന്ന് പുറത്തേക്കുള്ള യാത്ര പാടില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe