ടെൽ അവീവ്: ഹമാസ് സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു.
ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു. മുപ്പത് പേരെ ഹമാസ് ഗാസയിൽ ബന്ദികളാക്കിട്ടുണ്ട്. ബാക്കി നൂറിലേറെ ബന്ദികൾ എവിടെയാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ആക്രമണം നടന്ന് നാലാം ദിവസവും ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ ആയിട്ടില്ല.
റോക്കറ്റ് ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച ഇസ്രയേൽ ഇന്നലെ രാത്രി മുഴുവൻ ഗാസയിൽ വ്യോമാക്രമണം നടത്തി. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 700 ലേറെ നിവാസികൾക്കാണ് ജീവൻ നഷ്ടമായത്. ഗാസയിൽ നിന്നും അഭയാർത്ഥികളായി നിരവധിപ്പേർ പാലായനം ചെയ്യുകയാണ്.
ഇതിനിടെ ലെബനൻ അതിർത്തിയിലും സ്ഥിതി മോശമാകുകയാണ്. ലബനാനിലെ ഹിസ്ബുല്ല സംഘം ഇസ്രയേലിന് ഉള്ളിലേക്ക് വീണ്ടും വെടിയുതിർത്തു. തിരിച്ചടിയായി ലെബനോനിൽ ഇസ്രയേൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആക്രമണം നടത്തി. ഹിസ്ബുല്ല സായുധ സംഘത്തിലെ ആറു പേർ കൊല്ലപ്പെട്ടു. ഒരു ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടു. വർഷങ്ങളായി ഇറാന്റെ പൂർണ്ണ പിന്തുണയുള്ള ഹിസ്ബുല്ല ലെബനോനിൽ വലിയ സ്വാധീനവും ഭരണ പങ്കാളിത്തവുമുള്ള സായുധസംഘമാണ്. അവർ യുദ്ധത്തിന് ഇറങ്ങുമെന്ന് ഇപ്പോഴും ഇസ്രയേൽ കരുതുന്നില്ല. അഥവാ ഇറങ്ങിയാൽ ഇതൊരു വലിയ ഏറ്റുമുട്ടലായി മാറുമെന്നതിൽ സംശയവുമില്ല.
അതേ സമയം, ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കൻ സൈന്യം നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി. 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും പ്രസിഡന്റ് അറിയിച്ചു. പ്രശ്നത്തിൽ ഇടപെടരുതെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്നാണ് ഹമാസ് പ്രഖ്യാപനം. 2014 ൽ 51 ദിവസം പൊരുതിയിരുന്നു. ഇപ്പോൾ മാസങ്ങൾ പൊരുതാനുള്ള ആയുധമടക്കം കരുതൽ ശേഖരമുണ്ട്. യുദ്ധത്തിൽ ഞങ്ങൾക്കൊപ്പം ചേരാൻ സുഹൃത്തുക്കൾ തയ്യാറാണ്. ഗാസ തകർത്താൽ നരകത്തിന്റെ വാതിലുകൾ ഇസ്രായേൽ തുറക്കേണ്ടി വരും. ചുരുക്കം പേർക്ക് മാത്രമാണ് ആക്രമണ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നതെന്നും ശത്രു അവധി ആഘോഷിച്ച കൃത്യ സമയത്ത് ആക്രമിക്കാനായെന്നും ഹമാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അമേരിക്കയിൽ തടവിലാക്കപ്പെട്ട പലസ്ഥിനികളെ വിട്ടായക്കണമെന്ന ആവശ്യവും ഹമാസ് മുന്നോട്ട് വെക്കുന്നു.