ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയിൽ പെയ്ഡ് സബ്സ്ക്രിപ്ഷൻ സംവിധാനം കൊണ്ടുവരാൻ മെറ്റ ആലോചിക്കുന്നു. പ്രധാന സേവനങ്ങൾ സൗജന്യമായി തുടർന്നേക്കുമെങ്കിലും, എ.ഐ അടിസ്ഥാനമാക്കിയുള്ള നവീന ഫീച്ചറുകൾ ഉൾപ്പെടുന്ന പ്രീമിയം അനുഭവങ്ങൾക്കായിരിക്കും പണം ഈടാക്കുക
ക്രിയേറ്റിവിറ്റിയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്ന ടൂളുകൾ ആവിഷ്കരിക്കുകയും എ.ഐ സേവനവും നൽകിയാകും സബ്സ്ക്രിപ്ഷൻ പദ്ധതി നടപ്പാക്കുകയെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പ്രീമിയം അനുഭവങ്ങളിലൂടെ വരുംമാസങ്ങളിൽ പതിയെ സബ്സ്ക്രിപ്ഷൻ പദ്ധതിയിലേക്ക് നീങ്ങുമെന്നാണ് മെറ്റ വിശദീകരിക്കുന്നത്. എല്ലാവർക്കുമായി ഒരേതരത്തിലുള്ള ഫീച്ചറുകൾ എന്നതിന് പകരം ഒരുകൂട്ടം പെയ്ഡ് ഫീച്ചറുകൾ എന്നതാണ് ലക്ഷ്യം. 200 ദശലക്ഷം ഡോളർ നൽകി ഈയിടെ മെറ്റ സ്വന്തമാക്കിയ എ.ഐ ഏജന്റ് മാനസ് (Manus) ആയിരിക്കും പെയ്ഡ് സർവിസിലെ ഒരു പ്രധാന ആകർഷണം. ഈ ചാറ്റ്ബോട്ട് മൂന്ന് പ്ലാറ്റ്ഫോമുകളുമായും നേരിട്ടു ബന്ധിപ്പിക്കുന്നു.
എ.ഐ ടൂൾ വഴിയും പണമുണ്ടാക്കുന്നു
തങ്ങളുടെ നിർമിതബുദ്ധി ടൂളുകൾ, പ്രത്യേകിച്ച് ‘Vibes’ എന്ന ഷോർട്ട്ഫോം വിഡിയോ ജനറേറ്ററാണ് പണം ഈടാക്കാൻ ഉദ്ദേശിക്കുന്നത്.
