ഇൻസ്റ്റഗ്രാം പരിചയം, പിണങ്ങിയതോടെ പക; യുവതിയെ റോഡിൽ തടഞ്ഞ് കൈപിടിച്ച് തിരിച്ചു, മലപ്പുറം സ്വദേശി പിടിയിൽ

news image
Oct 12, 2024, 4:01 am GMT+0000 payyolionline.in

പെരുമ്പാവൂർ:  എറണാകുളത്ത് സുഹൃത്തായ യുവതിയെ റോഡിൽ തടഞ്ഞു നിർത്തി ഉപദ്രവിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതി സൌഹൃദത്തിൽ നിന്നും പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

 

21കാരിയായ യുവതിയും മുഹമ്മദ് ഫൈസലും ഒരു വർഷം മുന്പ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരാണ്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. അടുത്തിടെ യുവതി മുഹമ്മദ് ഫൈസലുമായുള്ള  സൗഹൃദത്തിൽ നിന്ന് പിൻമാറി. ഇതാണ് ആക്രമണത്തിന്  പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ എട്ടാം തീയതിയാണ് പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫൈസൽ തണ്ടേക്കാട് അൽ അസ്സർ റോഡിൽ വച്ച് പെൺകുട്ടിയെ തടഞ്ഞു നിർത്തിയത്.

യുവാവിനെ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച യുവതിയുടെ കൈ പ്രതി പിടിച്ച് തിരിക്കുകയും, കൈവശമുണ്ടായിരുന്ന 69000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. പെരുമ്പാവൂർ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത  പൊലീസ് മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe