ഇൻസ്റ്റഗ്രാം വഴി ദുർമന്ത്രവാദം; പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഗവേഷകവിദ്യാർഥിനിക്ക് നഷ്ടം ആറുലക്ഷം രൂപ

news image
Sep 9, 2023, 9:06 am GMT+0000 payyolionline.in

പുതുച്ചേരി: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഗവേഷക വിദ്യാര്‍ഥിനിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു. പോണ്ടിച്ചേരി സര്‍വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിനിയാണ് തട്ടിപ്പിനിരയായത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് ദുര്‍മന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ട് വിദ്യാര്‍ഥിനിയില്‍നിന്ന് പണം തട്ടിയെടുത്തത്. ആണ്‍സുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായാണ് പെണ്‍കുട്ടി തട്ടിപ്പുകാരെ സമീപിച്ചതെന്ന് പോലീസ് പറഞ്ഞു.

 

ആറുമാസം മുന്‍പാണ് ആണ്‍സുഹൃത്തുമായി വിദ്യാര്‍ഥിനി ബന്ധം അവസാനിപ്പിച്ചത്. ഇതിനിടെ കുടുംബപ്രശ്‌നങ്ങളും പ്രണയം, ബിസിനസ് സംബന്ധിച്ചുള്ള എന്തു പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധം തുടരാനായി പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തെ ആശ്രയിക്കുകയായിരുന്നു. ഈ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയും ആണ്‍സുഹൃത്തുമായുള്ള പ്രശ്‌നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

പ്രത്യേക പൂജ ചെയ്താല്‍ സുഹൃത്ത് തിരികെ വരുമെന്നായിരുന്നു തട്ടിപ്പുകാര്‍ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടി. പൂജയ്ക്കായുള്ള പണം പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി അടച്ചതോടെ സുഹൃത്തിന്റെ ഫോണ്‍നമ്പറുകള്‍ തട്ടിപ്പുകാര്‍ ചോദിച്ചുവാങ്ങി. തട്ടിപ്പുകാര്‍ വീണ്ടും പലതവണകളായി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. പത്തുദിവസത്തിനിടെ പലതവണകളായി ഏകദേശം 5.84 ലക്ഷം രൂപ പെണ്‍കുട്ടി അയച്ചുകെടുത്തതായാണ് പരാതിയിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe