ഇന്ന് പ്രായഭേദമന്യേ എല്ലാവരും സമൂഹമാധ്യമങ്ങളിൽ സജീവരാണ്, അവരുടെ സമയവും പലപ്പോഴും അവിടെയാണ് ചെലവിടുന്നത്.ഇതിനകം നിരവധി ആളുകൾ ഇൻസ്റ്റാഗ്രാമിന്റെ റീൽസ് ഉപയോഗിക്കുന്നതിലാണ് സമയം കടന്നുപോകുന്നത്. എന്നാൽ ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാം പുതിയ ഒരു ഷോർട്ട്-ഫോം വീഡിയോ ആപ്പ് അവതരിപ്പിക്കാൻ പരാമർശിച്ചുവെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റീൽസ് മേധാവി ആദം മൊസേരി ജീവനക്കാരോട് ഇതിനെ കുറിച്ച് സംസാരിച്ചതായിട്ടാണ് റിപ്പാർട്ടുകൾ.
ടിക് ടോക്കിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അനിശ്ചിതത്വ സാഹചര്യം മുതലെടുത്ത് സമാനമായ വീഡിയോ-സ്ക്രോളിംഗ് അനുഭവം നൽകാനാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മെറ്റാ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജനുവരിയിൽ, മെറ്റ ഒരു പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് എഡിറ്റ്സ് പ്രഖ്യാപിച്ചു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള സമാനമായ വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ട് ഉപയോഗിക്കുന്നവരെ കൂടി തങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.
ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ മെറ്റ ലാസോ എന്ന ഒരു വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു, എന്നാൽ ആപ്പിന് വലിയ പ്രചാരം ലഭിച്ചില്ല, തുടർന്ന് കമ്പനി പിന്നീട് അത് അടച്ചുപൂട്ടി.