താമരശ്ശേരി : പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിൽ ഈങ്ങാപ്പുഴ-കോടഞ്ചേരി റോഡിനരികിൽ പ്രവർത്തിക്കുന്ന ഫർണിച്ച നിർമാണശാലയിൽ തീപ്പിടിത്തമുണ്ടായത് പരിഭ്രാന്തിപരത്തി. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കുഞ്ഞുകുളം സ്വദേശി കളത്തിൽ അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർനിർമാണ യൂണിറ്റിൽ അഗ്നിബാധയുണ്ടായത്. അറവുശാലകളിലേക്ക് കന്നുകാലികളെ കൊണ്ടുവന്ന വാഹനത്തിലുള്ളവരാണ് തീ പടർന്നുപിടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തീ പടർന്നുപിടിച്ച് ഫർണിച്ചർ നിർമാണശാലയുടെ ടാർപായകൊണ്ടുള്ള മേൽക്കൂരയും അതിനകത്തുണ്ടായിരുന്ന മര ഉരുപ്പടികളും കത്തിനശിച്ചു.
കടയുടമകളും പരിസരവാസികളും വെള്ളമൊഴിച്ച് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് വിവരമറിയിച്ച പ്രകാരം സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് തീ പൂർണമായും അണച്ച് ആശങ്ക ഒഴിവാക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി.കെ. അനൂപിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒ.മാരായ അനീഷ്, ജിഗേഷ്, സൈനുദ്ദീൻ, ഷറഫുദ്ദീൻ, സജിത്ത് ലാൽ, അനീഷ് ചെറിയാൻ, ഹോംഗാർഡുമാരായ വിജയൻ, ചാക്കോ ജോസഫ് എന്നിവരുൾപ്പെട്ട അഗ്നിരക്ഷാസേനയാണ് സ്ഥലത്തെത്തി തീയണച്ചത്.
