കെയ്റോ: ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസി. ഈജിപ്തിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയാണിത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ഈജിപ്ത് സഹകരണം വർദ്ധിപ്പിക്കൽ ആണ് ചർച്ചയിലെ പ്രധാന അജണ്ട. ഈജിപ്തിൽ ലോകമഹായുദ്ധ സ്മാരകത്തിൽ മോദി ആദരാഞ്ജലി അർപ്പിച്ചു. ഒപ്പം അൽ ഹക്കിം പള്ളിയും സന്ദർശിച്ചു. രണ്ടു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരുവരും ഒപ്പു വച്ചു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഈജിപ്തില്‍ എത്തുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലെത്തിയത്. ഇതാദ്യമായാണ് മോദി ഈജിപ്റ്റ് സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവർ ഈജിപ്റ്റ് സന്ദർശിച്ചിരുന്നു. ഈ വർഷത്തെ ഇന്ത്യയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്റ്റ് പ്രസിഡന്‍റായിരുന്നു മുഖ്യാതിഥി.