തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരെ ആരോപണങ്ങളുന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎയോട് 7 ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉന്നയിച്ചു. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ മാത്യു കുഴൽനാടന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുമെന്നും, വീണ ആദായനികുതിയെല്ലാം കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീണ നികുതി അടച്ച രേഖകൾ പുറത്തു വിടേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും പാർട്ടിയുടേതല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എം.വി.ഗോവിന്ദന്റെ ചോദ്യങ്ങൾ ഇങ്ങനെ:
1) ചിന്നക്കനാലിൽ ഭൂമി വാങ്ങിയതിൽ മാത്യു കുഴൽനാടൻ നികുതി വെട്ടിച്ചു.
2) നിയമം ലംഘിച്ചു റിസോർട്ട് നടത്തി.
3) വ്യാവസായിക അടിസ്ഥാനത്തിൽ റിസോർട്ട് നടത്തിയശേഷം ഗസ്റ്റ്ഹൗസെന്നു പ്രചാരണം നടത്തി.
4) നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് മൂടി.
5) വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു.
6) അഭിഭാഷക ജോലിക്കിടെ നിയമവിരുദ്ധ ബിസിനസ് നടത്തി.
7) വിദേശത്തുനിന്ന് വരുമാനമുണ്ടാക്കിയതിൽ നിയമലംഘനം ഉണ്ടോയെന്ന് വ്യക്തമാക്കണം.
ഇതിനെല്ലാം മറുപടി പറഞ്ഞാൽ കഴമ്പില്ലാത്ത ചോദ്യമാണെങ്കിലും മാത്യു കുഴൽനാടന് മറുപടി നൽകാമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. വീണയെ പാർട്ടി ന്യായീകരിക്കാൻ ശ്രമിച്ചതല്ലെന്നും വസ്തുത പറഞ്ഞതാണെന്നും ഗോവിന്ദന് പറഞ്ഞു. ഓരോ വിഷയങ്ങളുടെയും മെരിറ്റ് നോക്കിയാണ് പാർട്ടി പ്രതികരിക്കുന്നത്. കോടിയേരിയുടെ മകനും മുഖ്യമന്ത്രിയുടെ മകൾക്കും ഒരേ പരിഗണന കിട്ടിയിട്ടുണ്ട്. ഓരോന്നിനെയും താരതമ്യം ചെയ്യണ്ട.
പാർട്ടി നേതാക്കളുടെ മക്കളുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും പാർട്ടി അക്കൗണ്ടിൽ വേണ്ട. എന്നാൽ, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് പാർട്ടിയെ കടന്നാക്രമിച്ചാൽ പാർട്ടി മറുപടി പറയും. പാർട്ടിക്ക് ബാധ്യതയുള്ളതിനു മാത്രമേ പാർട്ടി മറുപടി പറയൂ. വീണ നികുതി അടച്ചോ എന്ന് ആർക്കും പരിശോധിക്കാൻ കഴിയുന്ന കാര്യമാണ്. അർഹിക്കുന്നതിനേ മുഖ്യമന്ത്രി മറുപടി പറയൂ. മുഖ്യമന്ത്രി മാധ്യമങ്ങളോട് മറുപടി പറയേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.