ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഹൈകോടതികൾക്ക് സുപ്രീംകോടതി മാർഗരേഖ

news image
Jan 4, 2024, 2:07 am GMT+0000 payyolionline.in

ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥരെ നേരിൽ ഹാജരാകാൻ ഹൈകോടതികൾ വിളിച്ചുവരുത്തുന്നതിന് സുപ്രീംകോടതി മാർഗനിർദേശം പുറപ്പെടുവിച്ചു. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ ഉദ്യോഗസ്ഥരോട് നേരിൽ ഹാജരാകാൻ ആവശ്യപ്പെടാനാകൂ എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.

തുടർച്ചയായും അനാവശ്യമായും ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുന്നത് തടയാൻ പുറപ്പെടുവിച്ച മാതൃക നടപടിക്രമം:

  • തെളിവുകൾ ആധാരമാക്കിയ തീർപ്പാക്കൽ, അവസാനത്തെ നടപടിക്രമം, സങ്കീർണ വിഷയങ്ങളിൽ കോടതിയെ സഹായിക്കൽ എന്നതിനേ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടേണ്ടതുള്ളൂ.
  • കോടതി തേടുന്ന പ്രത്യേക വിവരം നൽകിയില്ലെന്നോ, ഉദ്ദേശ്യപൂർവം പിടിച്ചുവെച്ചുവെന്നോ പ്രഥമ ദൃഷ്ട്യാ തോന്നിയാൽ വിളിച്ചുവരുത്താം.
  • സർക്കാർ ഉദ്യോഗസ്ഥന്റേത് കോടതിയുടെ കാഴ്ചപ്പാടി​ന് എതിരാണ് എന്നതുകൊണ്ടുമാത്രം വിളിപ്പിക്കരുത്.
  • നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുന്ന കേസുകളിലും വിഡിയോ കോൺ​ഫറൻസ് വഴി ഹാജരാകാനുള്ള അവസരം നൽകണം.
  • വിഡിയോ കോൺഫറൻസിനുള്ള ലിങ്ക് ചുരുങ്ങിയത് ഒരു ദിവസം മുമ്പ് ഉദ്യോഗസ്ഥന്റെ മൊബൈലിലും ഇ-മെയിലിലും വാട്സ് ആപ്പിലും കോടതി രജിസ്ട്രി അയച്ചുകൊടുക്കണം.
  • വ്യക്തിപരമായി ഹാജരാ​കാൻ ആവശ്യപ്പെടുന്ന കേസ് പരിഗണിക്കുന്ന സമയം ഉദ്യോഗസ്ഥനെ അറിയിക്കണം.
  • ഹിയറിങ്ങിൽ മൊഴി നൽകുമ്പോൾ മാത്രം എഴുന്നേറ്റു നിന്നാൽമതി.
  • ഉദ്യോഗസ്ഥനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കണം.
  • *ഉദ്യോഗസ്ഥന്റെ നിൽപ്, വിദ്യാഭ്യാസ പശ്ചാത്തലം, സമൂഹത്തിലെ സ്ഥാനം എന്നിവയെ കുറിച്ച് അഭിപ്രായപ്രകടനമരുത്.
  • ഓഫിസിന് ചേരാത്തത​ല്ലെങ്കിൽ വസ്ത്രധാരണത്തിലും അഭിപ്രായപ്രകടനം വേണ്ട.
  • ആദരവിന്റെയും പ്രഫഷനലിസത്തിന്റേയും അന്തരീക്ഷം കോടതി സൃഷ്ടിക്കണം.
  • ഉത്തരവ് നടപ്പാക്കാൻ സമയപരിധി വെക്കുമ്പോൾ തീരുമാനമെടുക്കുന്നതിലെ സങ്കീർണത പരിഗണിച്ച് മതിയായ സമയം നൽകണം.
  • കോടതി ഉത്തരവിന് സർക്കാർ സമയം തേടിയാൽ അനുവദിക്കണം.
  • കോടതി ഉത്തരവിൽ കൃത്യമായ സമയപരിധിവെച്ചിട്ടില്ലെങ്കിൽ അത് നീട്ടി നൽകുന്നത് പരിഗണിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe