കൊടും വേനൽ കഴിഞ്ഞു വേനൽമഴ കിട്ടി മണ്ണു കൃഷിക്കു പരുവപ്പെട്ടു വരുന്ന സമയത്തെയാണു പൂർവികർ പത്താമുദയം എന്നു വിശേഷിപ്പിച്ചിരുന്നത്. പരമ്പരാഗത കാർഷിക കലണ്ടറിലെ നടീൽ ദിനമാണ് പത്താമുദയം അഥവാ മേടപ്പത്ത് (മേടം10). ഇത്തവണ ഏപ്രിൽ 23നാണ് പത്താമുദയം. വിഷുവിനു കൃഷിയിടങ്ങൾ തയാറാക്കി മേടപ്പത്തിനു തൈകൾ/വിത്തുകൾ നടുകയാണു പതിവ്.
മണ്ണിൽ ചൂടും ഈർപ്പവും ഉള്ളതുകൊണ്ടു പെട്ടെന്നു വേരു മുളയ്ക്കുന്നതിന് ഉത്തമമായി കരുതപ്പെടുന്നു. തെങ്ങിൻതൈകൾ, പഴവർഗങ്ങൾ, കിഴങ്ങു വർഗ വിളകൾ, ഔഷധസസ്യങ്ങൾ, പച്ചക്കറികൾ, വാഴ എന്നിവയൊക്കെ നടുന്നതിനു പത്താമുദയം ഉത്തമമാണ്. പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നും തെങ്ങിൻ തൈയും വാഴക്കന്നും നട്ടു വെള്ളം കോരണമെന്നുമുള്ള കൃഷിയറിവ് ഇന്നും പ്രസക്തം.
പ്രിയം തെങ്ങിൻ തൈകൾക്ക്
പത്താമുദയത്തിനു പലതരം വിളകൾ നടാമെങ്കിലും കർഷകർക്കു പ്രിയം തെങ്ങിൻതൈകൾ തന്നെ. നല്ല സൂര്യപ്രകാശം ഉള്ളതും നീർവാഴ്ചയുള്ളതുമായ സ്ഥലം തിരഞ്ഞെടുത്ത് വേണം തെങ്ങിൻ തൈകൾ നടേണ്ടത്. തുറസ്സായ സ്ഥലത്തു വളരുന്ന തെങ്ങുകൾ വളരെ വേഗം കായ്ക്കുമെന്നതിനാൽ മറ്റു മരങ്ങളുടെ തണൽ ഇല്ലാത്ത സ്ഥലം വേണം തൈകൾ നടാനായി തിരഞ്ഞെടുക്കേണ്ടത്. ഉയരം കൂടിയ ഇനങ്ങൾക്ക് തൈകൾ തമ്മിൽ 7.5 മീറ്റർ എങ്കിലും അകലം ഉണ്ടാകണം, ഉയരം കുറഞ്ഞവയ്ക്ക് 7 മീറ്ററും.
തൈകൾ തിരഞ്ഞെടുക്കുമ്പോൾ…
മാതൃ വൃക്ഷത്തിന്റെ തനതായ സ്വഭാവം കാണിക്കുന്ന ഒരു വർഷം വരെ പ്രായമായ തൈകളാണു നടാൻ എടുക്കേണ്ടത്. 10-12 സെന്റി മീറ്റർ കണ്ണാടിക്കനമെങ്കിലും തൈകൾക്ക് ഉണ്ടായിരിക്കണം. വിത്തു തേങ്ങയിൽനിന്ന് ഉയരുന്ന തൈകളുടെ ഏറ്റവും അടിയിലെ വ്യാസമാണു കണ്ണാടിക്കനമെന്ന് ഉദ്ദേശിക്കുന്നത്. കൂടാതെ താഴെപ്പറയുന്ന ഗുണഗണങ്ങളും തൈകൾക്ക് ഉണ്ടായിരിക്കണം.
- പീലിയോല വിരിയുന്ന സ്വഭാവം
- ഒരു കൊല്ലം പ്രായമായ തൈകൾക്ക് 6-8 ഓലകൾ
- ധാരാളം വേരുകൾ ഉള്ളവ
- നേരത്തേ മുളയ്ക്കുന്നതും വേഗത്തിൽ വളരുന്നതും കരുത്തുള്ളതുമായ തൈകൾ.
തൈ നടീൽ
മണ്ണിന്റെ ഘടനയനുസരിച്ചു കുഴിയുടെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. അടിയിൽ പാറയോടു കൂടിയ വെട്ടുകൽ മണ്ണ് ആണെങ്കിൽ 1.2 മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയാണെടുക്കേണ്ടത്. ജലവിതാനം കുറഞ്ഞ പശിമരാശി മണ്ണ് ആണെങ്കിൽ ഒരു മീറ്റർ നീളവും വീതിയും താഴ്ചയും ഉള്ള കുഴിയെടുത്താൽ മതി. താഴ്ന്ന പ്രദേശമാണെങ്കിൽ കൂനകൾ ഉണ്ടാക്കി വേണം തൈകൾ നടേണ്ടത്. തൈകൾ വളരുന്നതിനനുസരിച്ചു മണലും എക്കലും തൈകൾക്കു ചുറ്റുമിട്ടു തറ ഉയർത്തുകയും വേണം.
തൈകൾ നടുന്നതിനു മുൻപായി ചാണകപ്പൊടിയും ചാരവും മേൽമണ്ണും കലർന്ന മിശ്രിതമിട്ടു പകുതി ഭാഗത്തോളം കുഴി നിറയ്ക്കണം. കുഴിയുടെ അടിഭാഗത്തായി തൊണ്ടു മലർത്തി അടുക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
ഉറപ്പുള്ള മണ്ണ് ആണെങ്കിൽ ഓരോ കുഴിയിലും രണ്ട് കിലോഗ്രാം പരലുപ്പിടുന്നതു മണ്ണിന് അയവു വരുന്നതിനും തൈകളുടെ വേരോട്ടം സുഗമമാക്കാനും സഹായിക്കും.
ഇങ്ങനെ തയാറാക്കിയ കുഴികളുടെ നടുഭാഗത്തു ചെറിയൊരു കുഴിയെടുത്തു തൈ വച്ചു മണ്ണിട്ടു നന്നായി ഉറപ്പിക്കുക. തെങ്ങിൻ തൈ നടുമ്പോൾ മഞ്ഞൾ കൂടി നട്ടാൽ ചിതലിന്റെ ആക്രമണവും എലി ശല്യവും കുറയും.
തൈകളുടെ പരിചരണം
- തൈകൾ കാറ്റത്ത് ഉലയാതെ കാറ്റാടിക്കഴയിൽ കെട്ടി നിർത്തണം
- മഴക്കാലത്തു കുഴിയിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം
- തൈകളുടെ കടഭാഗത്ത് അടിയുന്ന മണ്ണ് നീക്കണം.
- വേനൽക്കാലത്ത് ഓലകൾ തെക്കുപടിഞ്ഞാറു ഭാഗത്തു നാട്ടി തൈകൾക്കു സംരക്ഷണം നൽകണം.വളപ്രയോഗം
പ്രായമായ തെങ്ങ് ഒന്നിനു പ്രതിവർഷം 500 ഗ്രാം നൈട്രജൻ, 320 ഗ്രാം ഫോസ്ഫറസ്, 1200 ഗ്രാം പൊട്ടാഷ് എന്ന കണക്കിൽ പോഷകമൂലകങ്ങൾ ലഭിക്കത്തക്ക വിധത്തിൽ വളം നൽകണം. തൈകൾ നട്ടു മൂന്നുമാസം കഴിഞ്ഞ് ആദ്യ രാസവള പ്രയോഗം നടത്തണം. ഒരു വർഷത്തിനുമേൽ പ്രായമായ തൈകൾക്കു വർഷത്തിൽ രണ്ടു തവണകളായി വേണം രാസവളം നൽകാൻ. ആദ്യ തവണ, കാലവർഷത്തിനു മുൻപു, ശുപാർശ ചെയ്തിട്ടുള്ള രാസ വളത്തിന്റെ മൂന്നിലൊരു ഭാഗം തൈകൾക്കു ചുറ്റുമിട്ടു മണ്ണിൽ ഇളക്കി ചേർക്കണം. രണ്ടാമത്തെ തവണയായി തുലാവർഷത്തിനു മുൻപും വളമിടണം. ഈ സമയത്തു മൂന്നു മുതൽ അഞ്ചു കിലോഗ്രാം വരെ ജൈവവളം (ആദ്യവർഷം 2 കിലോഗ്രാം, രണ്ടാം വർഷം 5 കിലോഗ്രാം പിന്നീടുള്ള വർഷങ്ങളിൽ 10 കിലോഗ്രാം വീതവും) കൂട്ടിച്ചേർത്തു കുഴിയുടെ ഉൾഭാഗം അരിഞ്ഞിറക്കി ഭാഗികമായി മൂടണം. അതിനുശേഷം അവശേഷിച്ച രാസവളം ഇടാം. രണ്ടാം വർഷം പ്രായമായ തെങ്ങുകൾക്കു മൂന്നിൽ രണ്ട് ഭാഗവും, മൂന്നാം കൊല്ലം പ്രായമായ തൈകൾക്കു പൂർണ അളവിലും വള പ്രയോഗം നടത്തണം.തെങ്ങിൻ തൈകൾക്ക്…
തെങ്ങിൻ തൈകൾ കൃഷിഭവനുകൾ, കൃഷിവകുപ്പ് ഫാമുകൾ, കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ തയാറാണ്. നാടൻ ഇനങ്ങൾ, കുള്ളൻ ഇനങ്ങൾ, സങ്കരയിനങ്ങൾ എന്നിവ കോക്കനട്ട് കൗൺസിൽ പദ്ധതി പ്രകാരം 50% സബ്സിഡി നിരക്കിലാണു കൃഷിഭവനുകൾ വഴി കർഷകർക്കു ലഭ്യമാക്കുക.ഫോൺ: 9995195358