ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

news image
Jul 18, 2023, 10:02 am GMT+0000 payyolionline.in

തിരുവനന്തപുരം : അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്ക് കൊണ്ടുപോയി.

മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനം ഉണ്ടാകും. തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പോയിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്ത് വയ്ക്കും. ആറ് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനം ഉണ്ടാകും. രാത്രി തിരുവനന്തപുരത്തെ വസതിയിലേയ്ക്കു തന്നെ മൃതദേഹം കൊണ്ടുപോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അറിയിച്ചു.

നാളെ രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേയ്ക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍ വച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe