ഉരുൾപൊട്ടലിലും പ്രളയത്തിലും നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ കാലിക്കറ്റ് സര്‍വകലാശാല ഫീസില്ലാതെ നല്‍കും

news image
Aug 6, 2024, 2:20 pm GMT+0000 payyolionline.in

തേഞ്ഞിപ്പലം: പ്രളയത്തിലും ഉരുൾപൊട്ടലിലും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടമായവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. റവന്യൂ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നല്‍കുക. 2018ലെ പ്രളയത്തിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതേ ഇളവ് നല്‍കിയിരുന്നു.

പ്രളയദുരന്തത്തിൽ മരിച്ചവർക്കും മുൻ സിന്‍ഡിക്കേറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യാണത്തിലും സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അനുശോചിച്ചു. കാലാവസ്ഥ നിരീക്ഷണ- പരീക്ഷണത്തിനാവശ്യമായ റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കാൻ എന്‍.സി.സി ആസ്ഥാനത്തിന് സമീപം ഭൂമി ലഭ്യമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ കുസാറ്റില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്.

സര്‍വകലാശാല നേരിട്ട് നടത്തുന്ന ഡോ. എം.എസ്. സ്വാമിനാഥന്‍ ചെയറിന് പ്രവര്‍ത്തനഫണ്ടായി 10 ലക്ഷം രൂപ നീക്കിവെച്ചു. ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഓഫ് ഹൈഡ്രജൻ ആൻഡ് എനർജി സ്റ്റോറേജ് സ്ഥാപിക്കും. സര്‍വകലാശാല നടത്തുന്ന സ്വാശ്രയ സെന്ററുകളിലെ കരാര്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിക്കും. സി. അച്യുത മേനോന്‍ ചെയറിന് സ്ഥലം കണ്ടെത്താന്‍ സര്‍വകലാശാല എന്‍ജിനീയറെ ചുമതലപ്പെടുത്തി. വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുടെ നടത്തിപ്പ് പഠിക്കാന്‍ ഡോ. പി. സുശാന്ത് കണ്‍വീനറായി സമിതിയെ നിയോഗിച്ചു. സര്‍വകലാശാല അധ്യാപകരുടെ ഇന്‍ക്രിമെന്റിലുള്ള അപാകത പരിഹരിക്കും. 17 ഗവേഷകരുടെ പിഎച്ച്.ഡി അംഗീകരിച്ചു. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe