ഉരുൾപൊട്ടൽ സഹായ നിഷേധം: മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനെന്ന് ധനമന്ത്രി

news image
Nov 15, 2024, 8:07 am GMT+0000 payyolionline.in

തിരുവനന്തപുരം > വയനാട്‌ ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും. മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനാണെന്നും മന്ത്രി ചോദിച്ചു.

വയനാട് ദുരന്ത ബാധിതർക്ക് സഹായം നൽകില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള അനീതിയാണ്. തങ്ങൾക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലർന്ന സമീപനമാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. നാനൂറോളം മനുഷ്യരുടെ ജീവൻ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത മഹാദുരന്തത്തോട്‌ കേന്ദ്രസർക്കാർ കടുത്ത നീതി നിഷേധമാണ്‌ കാട്ടുന്നത്‌. വയനാടുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് പോലും വലിയ തുകകൾ അനുവദിച്ചു നൽകിയപ്പോൾ കേരളത്തിന് കേന്ദ്രം നൽകിയത് വട്ടപ്പൂജ്യമാണ്.

പ്രധാനമന്ത്രി വയനാട് സന്ദർശിക്കുമ്പോൾ സഹായം പ്രഖ്യാപിക്കും എന്നായിരുന്നു ആദ്യം സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. സന്ദർശനം കഴിഞ്ഞ നാളുകൾ ഏറെയായിട്ടും ഒന്നുമുണ്ടായില്ല.  കേരള ഹൈക്കോടതിക്കും ഈ വിവേചനം ബോധ്യപ്പെട്ടതിനാലാകാം സഹായ തുക എപ്പോൾ പ്രഖ്യാപിക്കുമെന്ന്‌  അറിയിക്കാൻ കേന്ദ്രത്തോട്‌ നിർദേശിച്ചത്‌.  ഒടുവിൽ മാസങ്ങൾക്കു ശേഷമാണ് കേന്ദ്രസർക്കാർ അവരുടെ നിലപാട് വ്യക്തമാക്കിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിന് സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചു.

രാഷ്ട്രീയമായി തങ്ങളുടെ എതിർ ചേരിയിലുള്ള സംസ്ഥാന ഗവൺമെന്റുകളോട് വിവേചനം കാണിക്കുന്ന രീതിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്. രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളെ കാറ്റിൽപ്പറത്തുകയാണ്. ഏറ്റവും കൊടിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും കേരളത്തെ ശ്വാസംമുട്ടിക്കുക എന്ന നയം കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെ പിരിച്ചെടുക്കുന്ന നികുതിയുടെ അർഹതപ്പെട്ട വിഹിതം നമുക്ക് തിരികെ ലഭ്യമാക്കുന്നില്ല. നമുക്ക് ന്യായമായും ലഭിക്കേണ്ട പങ്ക് നിഷേധിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe