തിരുവനന്തപുരം: താൻ സ്വർണം കട്ടെന്ന് ആരോപിക്കാതിരിക്കാൻ കഴിയുമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനോടു ചോദിക്കണമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസ് കോടതി പരിഗണിച്ചപ്പോഴാണ് കടകംപള്ളി ഈ ആവശ്യം ഉന്നയിച്ചത്.
ശബരിമല സ്വർണപ്പാളി കവർച്ചാ കേസിൽ ജീവനക്കാരെയോ രാഷ്ട്രീയനേതാക്കളെയോ വിമർശിക്കുന്നതിനു താൻ എതിരല്ലെന്നും തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കരുതെന്നുമായിരുന്നു കടകംപള്ളിയുടെ അപേക്ഷ. ഇത്തരം ആരോപണം കേട്ടശേഷം സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാൻ കഴിയില്ലെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളിയുടെ ആവശ്യം പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് ഇക്കാര്യം വി.ഡി. സതീശനോടു ചോദിച്ച ശേഷമേ പറയാൻ കഴിയൂ എന്ന് അഭിഭാഷകൻ അറിയിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇവ മാനനഷ്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും വി.ഡി.സതീശന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു കോടതിയെ ധരിപ്പിച്ചു. മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിച്ചത്.
വി.ഡി. സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18-ലേക്കു മാറ്റി.
സ്വർണപ്പാളി കവർച്ചാ കേസിൽ വി.ഡി. സതീശൻ നടത്തിയ ആരോപണം തനിക്കു മാനഹാനി ഉണ്ടാക്കുന്നതാണെന്നും ആരോപണം പിൻവലിക്കുകയും തുടർ ആരോപണം ഉന്നയിക്കാതിരിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ ആവശ്യം. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ 10 ലക്ഷം രൂപ സതീശൻ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
