തിരുവനന്തപുരം ∙ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കു സർക്കാർ നൽകുന്ന പ്രവൃത്തികളിലൂടെ ഖജനാവ് കൊള്ളയടിക്കുകയാണെന്നും സിപിഎമ്മിന്റെ അഴിമതിപ്പണം ‘പാർക്ക്’ ചെയ്യുന്ന സ്ഥലമാണ് ഈ സൊസൈറ്റിയെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഊരാളുങ്കലിനു കിട്ടുന്ന പണമെല്ലാം പോകുന്നത് ഒരു പെട്ടിയിലേക്കാണെന്നും, ഈ പെട്ടി ഇരിക്കുന്നതു മുഖ്യമന്ത്രിയുടെ വീട്ടിലാണെന്നും സതീശൻ ആരോപിച്ചു. എല്ലാ നിയന്ത്രണങ്ങളും വിട്ടാണ് ഊരാളുങ്കലിനു സർക്കാരിന്റെ നിർമാണ പ്രവൃത്തികൾ നൽകുന്നത്.
ടെൻഡർ സമയത്തു നൽകേണ്ട യോഗ്യതാ സർട്ടിഫിക്കറ്റും വർക്ക് ഓൺ ഹാൻഡ് സർട്ടിഫിക്കറ്റും ഊരാളുങ്കലിന് ആവശ്യമില്ലെന്ന സർക്കാർ ഉത്തരവ് ഇതിനു തെളിവാണ്. എല്ലാ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്കും ബാധകമായ നിയമങ്ങളിൽ നിന്നാണ് ഊരാളുങ്കലിനു മാത്രം ഇളവു നൽകുന്നത്. ഒരുപാടു പേർക്കു ജോലി കൊടുക്കുന്നു എന്ന ന്യായീകരണം പറഞ്ഞ് എല്ലാ സർക്കാർ പ്രവൃത്തികളും ടെൻഡറില്ലാതെ അവർക്കു കൊടുക്കണമെന്നുണ്ടോയെന്നു സതീശൻ ചോദിച്ചു.
സർക്കാർ എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തി ഏൽപിക്കുകയല്ല, ഊരാളുങ്കൽ പറയുന്ന തുകയ്ക്ക് അവർ തന്നെ സർക്കാരിനു വേണ്ടി എസ്റ്റിമേറ്റ് തയാറാക്കുകയാണു ചെയ്യുന്നത്. ഇതിൽ വലിയ കൊള്ളയാണു നടക്കുന്നത്. 100 കോടിക്കു തീരേണ്ട പ്രവൃത്തിക്ക് 200 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിക്കാൻ 16 കോടി രൂപയ്ക്ക് ഇവരെ ഏൽപിച്ചു. കുറച്ചു പണം അവർ തിരിച്ചുതന്നുവെന്ന്, നവീകരണം വിവാദമായപ്പോൾ അന്നത്തെ സ്പീക്കർ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് അപ്പോൾ എസ്റ്റിമേറ്റ് തയാറാക്കുന്നത്? – സതീശൻ ചോദിച്ചു.