കാക്കനാട്: യുട്യൂബറായ കോഴിക്കോട് സ്വദേശിനി റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവർ 22 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. ബുധൻ വൈകിട്ട് കാക്കനാട് പാലച്ചുവട് ഡിഡി ഫ്ലാറ്റിൽ ഡാൻസാഫ് സംഘത്തിന്റെ സഹായത്തോടെ തൃക്കാക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പുതിയ ചലച്ചിത്രങ്ങളുടെ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി ചെയ്യുന്ന യുടൂബറാണ് റിൻസിയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം തിരുവനന്തപുരം കല്ലമ്പലത്ത് എംഡിഎംഎയുമായി നാല് പേരും പിടിയിലായി. വർക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണികൃഷ്ണൻ, പ്രമീൺ എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. ഇവരിൽ നിന്നും ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും പിടികൂടി. രണ്ട് കോടിയിലധികം വില വരുന്ന ലഹരി ശേഖരമാണ് പിടികൂടിയത്. ലഹരി വസ്തുക്കൾ ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഡാൻസാഫ് സംഘം ലഹരി വസ്തുക്കളുമായി പ്രതികളെ പിടികൂടിയത്. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തതെന്നാണ് വിവരം. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.