ന്യൂഡൽഹി : ഡൽഹി മുൻ ഗതാഗത മന്ത്രിയും ആം ആദ്മി പാർടി(എഎപി)യുടെ മുതിർന്ന നേതാവുമായിരുന്ന കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ആം ആദ്മി അംഗത്വവും മന്ത്രി സ്ഥാനവും രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഗെലൊട്ടിന്റെ ബിജെപിയിൽ ചേരൽ. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയിൽ ചേർന്നത്.
ആഭ്യന്തരം, ഐടി, വനിതാ-ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു ഗെലോട്ടിനുണ്ടായിരുന്നത്. “അദ്ദേഹം സ്വതന്ത്രനാണ്, അയാൾക്ക് എവിടെ വേണമെങ്കിലും പോകാം” എന്ന് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു.
കൈലാഷ് ഗെലൊട്ടിന്റെ രാജിയിൽ ബിജെപിക്കെതിരെ എഎപി രൂക്ഷമായ വിമർശനം നടത്തിയിരുന്നു. രാജി കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം ഇ ഡിയുടെയും സിബിഐയുടെയും സമ്മർദ്ദം മൂലമാണെന്ന് മുതിർന്ന എഎപി പ്രവർത്തകൻ സഞ്ജയ് സിങ് പറഞ്ഞു. ഗെലൊട്ടിനൂ കുടുംബത്തിനുമെതിരായ ഇ ഡി, സിബിഐ അന്വേഷണങ്ങൾക്കിടയിൽ ജയിൽവാസം ഒഴിവാക്കാനാണ് അദ്ദേഹം ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് എഎപി വക്താവ് പ്രിയങ്ക കക്കർ അഭിപ്രായപ്പെട്ടു.
ഇ ഡി-സിബിഐ റെയ്ഡുകൾ നടത്തി ഗെലോട്ടിൽ സമ്മർദ്ദം സൃഷ്ടിച്ചുവെന്നും ഇപ്പോൾ ബിജെപി നൽകിയ തിരക്കഥ അനുസരിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നും സഞ്ജയ് സിങ് പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിന് മുമ്പാണ് മോദി വാഷിംഗ് മെഷീൻ സജീവമായത്. ഇപ്പോൾ ഈ യന്ത്രം വഴി നിരവധി പ്രവർത്തകരെ ബിജെപിയിലേക്ക് കൊണ്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ സ്വഭാവം ഇതാണ്, അവർ ആരുടെയെങ്കിലും സ്വത്ത് റെയ്ഡ് ചെയ്യാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ അഴിമതി ആരോപിച്ച് പത്രസമ്മേളനങ്ങൾ നടത്തും. എന്നിട്ട് ആ വ്യക്തി ബിജെപിയിൽ ചേർന്നയുടൻ എല്ലാ ആരോപണങ്ങളും ഒഴിവാക്കുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.