ദില്ലി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർത്ഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
വിമാന സർവീസുകൾ റദ്ദാക്കി; ജാഗ്രതാ നിർദ്ദേശം
അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകൾക്ക് കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡ്വൈസറികൾ അനുസരിച്ച് ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിൻ്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകി. എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
