എന്താണ് നിപ ? എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ? എങ്ങനെ തിരിച്ചറിയാം? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

news image
Jul 4, 2025, 4:49 am GMT+0000 payyolionline.in

സംസ്ഥാനത്ത് നിപ ലക്ഷണങ്ങളോടെ 38കാരി ചികിത്സയില്‍ തുടരുകയാണ്. പാലക്കാട് നാട്ടുകല്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് 38കാരിയെ പ്രവേശിപ്പിച്ചത്. 38 കാരിയ്ക്ക് നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായാണ് വിവരം. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.

എന്താണ് നിപ ?

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ ഒരു വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. എന്നാൽ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും നിപ വൈറസ് പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

 

നിപ വൈറസിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് മനുഷ്യരിൽ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ രോഗി ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

പലപ്പോഴും തൊടിയില്‍ നിന്നും ലഭിക്കുന്നതോ അല്ലെങ്കില്‍ വവ്വാലുകള്‍ കടിച്ചതോ തുറസ്സായ സ്ഥലത്ത് നിന്ന് ലഭിച്ചതോ ആയ പഴങ്ങള്‍ കഴിക്കരുത്. അത് മാത്രമല്ല പഴങ്ങളെന്ന പോലെ തന്നെ തുറന്ന് വെച്ച പാനീയങ്ങള്‍ കള്ള് തുടങ്ങിയവയും കുടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പ്രധാനമായം ചാമ്പങ്ങ, പേരയ്ക്ക്, മാമ്പഴം എന്നിവ ഒഴിവാക്കുക. വീട്ടു മുറ്റത്തും മറ്റും വീണു കിടക്കുന്ന പഴങ്ങള്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

വവ്വാലുകള്‍ വസിക്കുന്ന പ്രദേശങ്ങള്‍ സൂക്ഷിക്കണം

വവ്വാലുകള്‍ വസിക്കുന്ന പ്രദേശങ്ങള്‍ വളരെയധികം സൂക്ഷിക്കണം. ഇത് പലപ്പോഴും രോഗാവസ്ഥയിലേക്ക് നയിക്കുന്നു. പഴയ കിണറുകള്‍, ധാരാളം പഴങ്ങളുള്ള സ്ഥലങ്ങള്‍ എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു.

ശുചിത്വം പാലിക്കുക

ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമോ അല്ലെങ്കില്‍ മൃഗങ്ങളെ കൈകാര്യം ചെയ്തതിന് ശേഷമോ ശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കണം. കൂടാതെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

മാസ്‌കുകള്‍ ധരിക്കുക

രോഗാവസ്ഥയില്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. രോഗം ബാധിച്ച ഇടങ്ങളും പൊതുസ്ഥലങ്ങളും സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ച ആശുപത്രികളില്‍ മാസ്‌ക് ധരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ജാഗ്രതയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കും.

രോഗികളുമായി അടുത്ത ബന്ധം ഒഴിവാക്കുക

പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗികളുമായുള്ള അടുത്ത ബന്ധം ഒഴിവാക്കുക എന്നതാണ്. പനി, തലവേദന, ഛര്‍ദ്ദി അല്ലെങ്കില്‍ ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായുള്ള ബന്ധം പരമാവധി ഒഴിവാക്കണം. ഉടന്‍ തന്നെ വൈദ്യസഹായം തേടുകയും രോഗാവസ്ഥയെ കൃത്യമായി മനസ്സിലാക്കുകയും വേണം. കൂടാതെ ആരുമായും ഭക്ഷണം, വസ്ത്രങ്ങള്‍ അല്ലെങ്കില്‍ വ്യക്തിഗത വസ്തുക്കള്‍ എന്നിവ പങ്കിടാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

ക്വാറന്റൈന്‍, യാത്രാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

ക്വാറന്റൈന്‍ പോലുള്ള കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല കണ്ടെയ്ന്‍മെന്റ് സോണുകള്‍, ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. കൂടാതെ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുകയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe