‘ എന്തിനാണ് ഇന്ധനവിതരണ സ്വിച്ച് ഓഫാക്കിയത്’; താൻ ചെയ്തിട്ടില്ലെന്ന് പൈലറ്റുമാരിൽ ഒരാളുടെ മറുപടി, സംഭാഷണം പുറത്ത്

news image
Jul 12, 2025, 6:36 am GMT+0000 payyolionline.in

അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനം അപകടപ്പെടുന്നതിന് തൊട്ട് മുമ്പുള്ള പൈലറ്റുമാരുടെ സംഭാഷണം പുറത്ത്. എന്തിനാണ് ഇന്ധനവിതരണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റുമാരിൽ ഒരാൾ ചോദിക്കുമ്പോൾ താൻ ചെയ്തിട്ടില്ലെന്ന് മറ്റൊരാൾ മറുപടി പറയുന്നതും കേൾക്കാം.

വിമാനത്തിന്റെ രണ്ട് എൻജിനുകളുടേയും പ്രവർത്തനം നിലച്ചതിന് പിന്നാലെയാണ് പൈലറ്റുമാരിലൊരാൾ ചോദ്യമുന്നയിക്കുന്നതും മറ്റൊരാൾ മറുപടി നൽകുന്നതും. പിന്നീട് ഇവർ എൻജിനിലേക്ക് ഇന്ധനവിതരണം നിയ​ന്ത്രിക്കുന്ന സ്വിച്ച് ഓൺ ചെയ്തുവെങ്കിലും വിമാനത്തിന്റെ പ്രവർത്തനം സാധാരണനിലയിലാകും മുമ്പ് തകർന്നുവീഴുകയായിരുന്നു.

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെ സംബന്ധിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ടേക്ക് ഓഫിന് പിന്നാലെ രണ്ട് എൻജിനുകളിലേക്ക് ഇന്ധന വിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വിമാന എൻജിനിലേക്കുള്ള ഇന്ധനവിതരണം നിലച്ചു. ഉടൻ തന്നെ പെലറ്റുമാർ സ്വിച്ച് ഓൺ ചെയ്തുവെങ്കിലും വിമാനത്തിന്റെ പറക്കൽ സാധാരണനിലയിലേക്ക് എത്തുന്നതിന് മുമ്പ് തകർന്നുവീഴുകയായിരുന്നു.

വിമാനം തകർന്നുവീണ സ്ഥലത്തിന്റെ ഡ്രോൺ ഫോട്ടോഗ്രഫി, വിഡിയോഗ്രഫി എന്നിവയുൾപ്പടെ പരിശോധിച്ചാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. വിമാനം പറന്നുയർന്നതിന് പിന്നാലെ തന്നെ പരമാവധി വേഗതയായ 180 നോട്ട്സ് കൈവരിച്ചു. ഇതിന് പിന്നാലെ വിമാനത്തിലേക്ക് ഇന്ധനമെത്തിക്കുന്ന രണ്ട് സ്വിച്ചുകളും ഓഫാകുകയായിരുന്നു.

ഇന്ധനവിതരണം നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ റൺ പൊസിഷനിൽ നിന്നും കട്ട് ഓഫിലേക്ക് മാറുകയായിരുന്നു. ഉടൻ തന്നെ സ്വിച്ചുകൾ പഴയനിലയിലാക്കിയെങ്കിലും ത്രസ്റ്റ് വീണ്ടെടുക്കുന്നതിന് മുമ്പ് വിമാനം തകർന്നുവീണു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe